കൊല്ലം|
WEBDUNIA|
Last Modified വ്യാഴം, 10 ജനുവരി 2013 (18:41 IST)
PRO
PRO
ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും. കൊല്ലം വയല സ്വദേശി സുധീഷ്കുമാര്‍ (24) ആണ് കൊല്ലപ്പെട്ടത്. വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. സേനയില്‍ ഹവീല്‍ദാര്‍ ആണ് സുധീഷ്. മൃതദേഹം നാളെ നാട്ടിലെത്തിക്കും. ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലാണ് സംഭവം നടന്നത്.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹത്തില്‍ ബോംബ് വെച്ച് മാവോയിസ്റ്റുകള്‍ സ്ഫോടനം നടത്താനും ശ്രമം നടത്തിയിരുന്നു. സ്ഫോടനശേഷിയുള്ള ഡിവൈസ് ആണ് സൈനികന്റെ ശരീരം തുളച്ച് ഘടിപ്പിച്ചിരുന്നത്.
റാഞ്ചിയിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുവന്ന മൃതദേഹത്തില്‍ തുന്നലുകള്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍മാര്‍ എക്സ് റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്ഫോടന ശേഷിയുള്ള ഡിവൈസുകള്‍ കണ്ടെത്തിയത്.
ഇന്ത്യയില്‍ ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ആക്രമണ രീതി പരീക്ഷിക്കുന്നത്. ഇറാഖിലും മറ്റും തീവ്രവാദികള്‍ അവലംബിക്കുന്ന രീതിയാണിത്. സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിനെ സൈന്യം അപലപിക്കുകയും ചെയ്തു.
സംഭവത്തില്‍ അഞ്ച് സൈനികരെ കാണാതായിരുന്നു. ഇവരുടെ മൃതദേഹം പിന്നീട് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. എന്നാല്‍ ഇതില്‍ ഒരു മൃതദേഹം നീക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടനമുണ്ടായി നാട്ടുകാരില്‍ രണ്ടു പേരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.
ഇതിനുശേഷമാണ് പോസ്റ്റുമോര്‍ട്ടത്തിനെത്തിച്ച മൃതദേഹങ്ങളിലും ബോംബുകള്‍ കണ്ടത്. തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 11 ജവാന്‍മാരും ഒരു പോലീസുകാരനും ഉള്‍പ്പെടെ 14 പേരാണ് കൊല്ലപ്പെട്ടത്.