മാറാട് പ്രതികള്‍ കണ്ണൂര്‍ ജയിലില്‍

കോഴിക്കോട്| WEBDUNIA|
രണ്ടാം മാറാട് കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 62 പ്രതികളില്‍ 25 പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇന്നു രാവിലെ 11 മണിയോടെയാണ് പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് കൊണ്ടുപോയത്. വന്‍ സുരക്ഷ സന്നാഹങ്ങളോടെയാണ് പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയത്.

ബാക്കിയുള്ള പ്രതികളെ ഒരാഴ്ചക്കുള്ളില്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.സുരക്ഷ പ്രശ്നങ്ങള്‍ നില നില്ക്കുന്നതിനാലാണ് പ്രതികളെ ഘട്ടം ഘട്ടമായി സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോകുന്നത്. എല്ലാ പ്രതികളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് പാര്‍പ്പിക്കുക.

രണ്ടാം മാറാട് കൂട്ടക്കൊലക്കേസില്‍ പ്രതികളായ പലരും ഒന്നാം മാറാട് കൂട്ടക്കൊലക്കേസിലും പ്രതികളാണ്. ഈ മാസം തന്നെ ഒന്നാം മാറാട് കേസിന്‍റെ വിചാരണ ആരംഭിക്കുമ്പോള്‍ ഇവരെ മാറാട് പ്രത്യേക കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. കൂടുതല്‍ സ്ഥല സൌകര്യമുള്ളതിനാലും കോടതിയില്‍ കൊണ്ടുവരാന്‍ എളുപ്പമുള്ളതിനാലുമാണ് പ്രതികളെ എല്ലാവരെയും കണ്ണൂര്‍ ജയിലില്‍ തന്നെ പാര്‍പ്പിക്കുന്നത്.

അതേസമയം മാറാട്‌ കേസിലെ എല്ലാ പ്രതികളും സെന്‍ട്രല്‍ ജയിലിലേക്ക് വരുന്നതിനെ ഭീതിയോടയാണ് കണ്ണൂര്‍ ജയിലധികൃതര്‍ കാണുന്നത്‌. 62 പേരും ഒരേ കേസില്‍ ശിക്ഷിക്കപ്പെട്ടവരായതിനാല്‍ ജയിലില്‍ ഗ്രൂപ്പുതിരിഞ്ഞ്‌ സംഘട്ടനം ഉണ്ടാകുമോ എന്ന ഭയം ജയിലധികൃതര്‍ക്കുണ്ട്‌. മുന്‍പ് ഇവിടെ ബി ജെ പി , ആര്‍ എസ്‌ എസ്‌ തടവുകാരും സി പി എമ്മുകാരായ തടവുകാരും തമ്മില്‍ ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :