മാര്‍പാപ്പ ഗംഗാ സ്നാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു!
തൃശൂര്‍|
WEBDUNIA|
കാലം ചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒരു ആഗ്രഹം ബാക്കിവച്ചാണ് ദൈവസന്നിധിയിലേക്ക് മടങ്ങിയത് - ഗംഗയില്‍ സ്നാനം നടത്തണമെന്ന ആഗ്രഹം! തൃശൂര്‍ അതിരൂപതാ ബിഷപ്പ് ആയിരുന്ന ദിവംഗതനായ മാര്‍ ജോസഫ് കുണ്ടുകുളത്തിനോടാണ് മാര്‍പ്പാപ്പ ഈ ആഗ്രഹം പ്രകടിപ്പിച്ചത്.
1986 - ല്‍ മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള മുന്നൊരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വത്തിക്കാനില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ബിഷപ് കുണ്ടുകുളത്തിനോട് മാര്‍പാപ്പ ഹിന്ദുക്കളുടെ പുണ്യ നദിയായ ഗംഗയില്‍ സ്നാനം നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. അതിനു ശേഷം, മാര്‍പ്പാര്‍പ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിളിച്ചുകൂട്ടിയ ഒരു യോഗത്തില്‍ വച്ചാണ് ജോസഫ് കുണ്ടുകുളം ഇക്കാര്യം വെളിപ്പെടുത്തിയത് എന്ന് തൃശൂര്‍ ബിഷപ്പ് മാര്‍ റാഹേല്‍ തട്ടില്‍ ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മെയ് ഒന്നിന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനിരിക്കെയാണ് ബിഷപ്പ് തട്ടില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മരണശേഷം വെറും ആറ് വര്‍ഷത്തിനുള്ളില്‍ ഒരാളെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് ക്രിസ്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
സിസ്റ്റര്‍ അല്‍ഫോണ്‍സയെ വിശുദ്ധയായി പ്രഖ്യാപിച്ചത് അവര്‍ മരിച്ച് 40 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. അതേപോലെ ചാവറ പിതാവിനെ വിശുദ്ധനായി പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ മരണശേഷം 115 വര്‍ഷം കഴിഞ്ഞായിരുന്നു.