കര്‍ത്താവിന്റെ തിരുമരണവുമായി ബന്ധപ്പെട്ട വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്, കര്‍ത്താവിന്റെ തിരുമുഖം വെറോനിക്ക തുടച്ചപ്പോള്‍ തൂവാലയില്‍ പതിഞ്ഞ തിരുരക്തത്തിന്റെ തിരുശേഷിപ്പ്, കര്‍ത്താവിന്റെ തിരുവിലാവില്‍ കുത്തിയപ്പോള്‍ കുന്തത്തില്‍ പതിഞ്ഞ തിരു രക്തത്തിന്റെ തിരുശേഷിപ്പ് എന്നിവ മോഷണം പോയ മാപ്രാണം ഹോളി ക്രോസ് ദേവാലയത്തിലേക്ക് പുതിയ തിരുശേഷിപ്പുകള്‍ എത്തുന്നു. യേശുവിന്റെ കുരിശുമരണവുമായി ബന്ധപ്പെട്ട മറ്റൊരു തിരുശേഷിപ്പാണ് റോമില്‍ നിന്ന് ഈ പള്ളിയില്‍ സ്ഥാപിക്കാന്‍ എത്തുന്നത്.
റോമിലെ ഹോളിക്രോസ് ദേവാലയത്തില്‍ പരസ്യവണക്കത്തിന് വെച്ചിരിക്കുന്ന കാല്‍വരിയിലെ വിശുദ്ധകുരിശിന്റെ തിരുശേഷിപ്പാണ് മാപ്രാണം പള്ളിയില്‍ സ്ഥാപിക്കുന്നത്. പള്ളിയില്‍നിന്നു നഷ്ടപ്പെട്ട തിരുശേഷിപ്പുകളെക്കുറിച്ച് രൂപതാ ബിഷപ്പ് എത്ത്യോപ്യയിലെ വത്തിക്കാന്‍ സ്ഥാനപതിയും പുത്തന്‍ചിറ സ്വദേശിയുമായ ആര്‍ച്ച് ബിഷപ്പ് ഫാ. ജോര്‍ജ് പാനിക്കുളം വഴി റോമിലേയ്ക്ക് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാപ്രാണം പള്ളിയുടെ പൗരാണികമായ പ്രാധാന്യം കണക്കിലെടുത്ത് യേശുവിന്റെ ജീവരക്തംകൊണ്ട് മുദ്രിതമായ വിശുദ്ധകുരിശിന്റെ തിരുശേഷിപ്പ് നല്‍കാന്‍ തീരുമാനമായത്.
ഇതിനു പുറമേ ഇറ്റലിയിലെ ഓര്‍ത്തോണയില്‍നിന്ന് മാര്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പും ഭരണങ്ങാനത്തുനിന്ന് വി. അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പും മാപ്രാണം പള്ളിയില്‍ സ്ഥാപിക്കുമെന്ന് വികാരി ഫാ. ജോണി കല്ലിങ്ങല്‍ പറഞ്ഞു. ഡിസംബര്‍ 11ന് രാവിലെ 7ന് നടക്കുന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭയുടെ മേലധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുശേഷിപ്പുകള്‍ പള്ളിയില്‍ സ്ഥാപിക്കും.
ക്രിസ്തുവിന്റെ മൂന്നു തിരുശേഷിപ്പുകള്‍ ഈ പള്ളിയില്‍ നിന്നു കവര്‍ച്ചചെയ്യപ്പെട്ടിട്ട് നവംബര്‍ ഒരുവര്‍ഷം തികയുന്നു. ഇനിയും പ്രതികളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കര്‍ത്താവിന്റെ തിരുമരണവുമായി ബന്ധപ്പെട്ട വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്, കര്‍ത്താവിന്റെ തിരുമുഖം വെറോനിക്ക തുടച്ചപ്പോള്‍ തൂവാലയില്‍ പതിഞ്ഞ തിരുരക്തത്തിന്റെ തിരുശേഷിപ്പ്, കര്‍ത്താവിന്റെ തിരുവിലാവില്‍ കുത്തിയപ്പോള്‍ കുന്തത്തില്‍ പതിഞ്ഞ തിരു രക്തത്തിന്റെ തിരുശേഷിപ്പ് എന്നിവയാണ് കളവു പോയത്. ഇത്തരം തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ള ഇന്ത്യയിലെ ഏക ദേവാലയമാണ് മാപ്രാണം ഹോളിക്രോസ്സ് തീര്‍ത്ഥാടന കേന്ദ്രം.
നവംബര്‍30 നു പുലര്‍ച്ചെ 2 മണിക്കാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെ 5 മണിക്ക് പള്ളിതുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. പള്ളിയില്‍ പ്രതിഷ്ഠിച്ചിരുന്ന പുഷ്പ കുരിശ് മോഷ്ടാവ് ഇളക്കിമാറ്റിയിരുന്നു. മുകളിലെ ജനല്‍ കമ്പി വളച്ചാണ് കള്ളന്‍ അകത്ത് കടന്നത്. പ്രതിയെ കണെ്ടത്താന്‍ ഇരിങ്ങാലക്കുട എസിപി വിമലാദ്യത്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെല്ലാം സംഭവത്തിനുശേഷം സ്ഥലത്തെത്തിയിരുന്നു. നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും അന്വേഷണ സംഘത്തിന് തെളിവൊന്നും ലഭിച്ചില്ല.
തിരുശേഷിപ്പ് മോഷണവുമായി ബന്ധപ്പെട്ട് പോലിസ് സംശയിക്കുന്നത് മൂന്നു പീടിക വഴിയമ്പലം സ്വദേശി കൊണ്ടിയാറ വീട്ടില്‍ കാര്‍ത്തികേയന്‍, സഹോദരിപുത്രന്‍ അഭിലാഷ് എന്നിവരെയാണ്. നിരവധി ക്ഷേത്രമോഷണക്കേസുകളിലടക്കം പ്രതിയാണ് കാര്‍ത്തികേയന്‍. അഭിലാഷും ഈ മോഷണത്തില്‍ സഹായിയായി ഉണ്ടായിരുന്നതായി പോലിസ് പറയുന്നു. കാര്‍ത്തികേയനെ കണ്ടെത്തുന്നതിനായി തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കിട്ടിയില്ല. അഭിലാഷ് അറസ്റ്റിലായെങ്കിലും മുഖ്യപ്രതിയെ പിടികൂടാനായിട്ടില്ല. ഇപ്പോള്‍ അന്വേഷണം വഴിമുട്ടി എന്നാണ് അറിയുന്നത്.