പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സി പി എം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന വാദം പൊളിയുന്നു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് താന്‍ കത്തയച്ചതായി വി എസ് അച്യുതാനന്ദന്‍ സ്ഥിരീകരിച്ചു. കായംകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തോട് മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചപ്പോഴാണ് താന്‍ കത്തയച്ചതെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചത്. ഉടന്‍ അദ്ദേഹത്തെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞെങ്കിലും മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വി എസ് തയ്യാറായില്ല.
പാര്‍ട്ടി ഈ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വി എസ് കത്തയച്ചു എന്നാണ് കഴിഞ്ഞ ദിവസം ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്കുമാണ് കത്തയച്ചത് എന്നാണ് റിപ്പോര്‍ട്ട്.
കൊലപാതകികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിന്. ഇത് അംഗീകരിക്കാനാവില്ല. പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരുന്നതിനു പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തിന് താല്‍പര്യമില്ല. പാര്‍ട്ടി ഈ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ തനിക്ക് തുടരാന്‍ താല്‍പര്യമില്ല. ഈ രീതിയിലാണെങ്കില്‍ പാര്‍ട്ടി അധികകാലം ഉണ്ടാവില്ല. സംസ്‌ഥാനത്തെ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സംസ്‌ഥാന, കേന്ദ്ര കമ്മറ്റികള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കണം. സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മറ്റിയും പുന:സംഘടിപ്പിക്കണമെന്നുമാണ് വി എസ് കത്തില്‍ ആരോപിക്കുന്നത്.