മാധ്യമങ്ങള്‍ക്കെതിരെ പിണറായി

WEBDUNIA| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2009 (11:10 IST)
മലപ്പുറം: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തി. നവകേരളയാത്രയോട് അനുബന്ധിച്ച് തിരൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.

ശുദ്ധ അസംബന്ധം പ്രചരിപ്പിക്കാനുള്ള ലൈസന്‍സായി മാധ്യമപ്രവര്‍ത്തനത്തെ കാണരുതെന്ന് അദ്ദേഹം പറഞ്ഞു. നവകേരളയാത്രയുടെ സ്വീകരണ പരിപാടികളില്‍ മഞ്ഞളാംകുഴി അലി എം എല്‍ എ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് പിണറായിയെ രോഷാകുലനാക്കിയത്.

ഇ ബാലാനന്ദന്‍ എഴുതിയതായി പറയപ്പെടുന്ന കത്തും നവകേരളയാത്രയെക്കുറിച്ചുള്ള വിവാദങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്ക് എവിടെനിന്നാണ് ലഭിക്കുന്നത്?. മാധ്യമപ്രവര്‍ത്തകര്‍ വസ്തുതകള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. ശുദ്ധ അസംബന്ധം എഴുതിക്കൂട്ടുകയാണ് ചിലര്‍. അപവാദങ്ങള്‍ പ്രചരിപ്പിയ്ക്കുകയല്ല മാധ്യമ ധര്‍മ്മം. ഇത്തരം മാധ്യമപ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ സി പി എം തയ്യാറല്ല - പിണറായി വ്യക്തമാക്കി.

പിണറായി രോഷം കൊണ്ടപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ അതിനെ പ്രതിരോധിച്ചു. നവകേരളയാത്ര തുടങ്ങിയതു മുതല്‍ പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിക്കുകയാണ് വാര്‍ത്താലേഖകര്‍ ആരോപിച്ചു.

മധ്യമങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന് ശേഷം പിണറായി രാഷ്ട്രീയ വിഷയങ്ങളിലേക്ക് പ്രവേശിച്ചു. വിശ്വാസ്യത വീണ്ടെടുക്കുകയാണ് സി ബി ഐ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന്‌ സി പി എം പറഞ്ഞിട്ടില്ല. ചില കേസുകള്‍ സി ബി ഐ അന്വേഷിക്കേണ്ടതായി വരും.

ന്യൂനപക്ഷങ്ങള്‍ ഇപ്പോഴും സി പി എമ്മിനൊപ്പമാണെന്നു പറഞ്ഞ പിണറായി നവകേരളയാത്രയുടെ സ്വീകാര്യത എല്ലാവര്‍ക്കും ബോധ്യമായെന്നും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :