മലയാളി യുവാവിന്റെ മൃതദേഹം ശിരസറുത്ത നിലയില്‍ ആന്ധ്രയിലെ റെയില്‍വേ ട്രാക്കില്‍

കടമ്പനാട്‌: | WEBDUNIA| Last Modified ഞായര്‍, 6 ജനുവരി 2013 (02:33 IST)
PRO
PRO
മലയാളി യുവാവിന്റെ മൃതദേഹം ശിരസറുത്ത നിലയില്‍ ആന്ധ്ര ഗുണ്ടൂരിനു സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. കടമ്പനാട്‌ തുവയൂര്‍ തെക്ക്‌ ചിറ്റാണിമുക്ക്‌ മൈലയ്‌ക്കല്‍ കിഴക്കേതില്‍ മോഹനന്റെ മകന്‍ മനു(24)വിന്റെ മൃതദേഹമാണ്‌ ആന്ധ്ര ഗുണ്ടൂരില്‍നിന്ന്‌ 80 കിലോമീറ്റര്‍ അകലെ നടുകുഴി എന്ന സ്‌ഥലത്ത്‌ റയില്‍വേട്രാക്കില്‍ കാണപ്പെട്ടത്‌.

വ്യാഴാഴ്‌ച രാവിലെ 9.30-നു കായംകുളത്തുനിന്ന്‌ തിരുവനന്തപുരം-ഹൈദരാബാദ്‌ ശബരി എക്‌സ്പ്രസില്‍ ഹൈദരാബാദിലെ ജോലിസ്‌ഥലത്തേക്കു പോയതായിരുന്നു മനു. വെള്ളിയാഴ്‌ച രാവിലെ മാതാവ്‌ വിജയമ്മയെ ഫോണില്‍ വിളിച്ച്‌ തന്നെ നാലംഗസംഘം ട്രെയിനില്‍ മര്‍ദിക്കാന്‍ ശ്രമിച്ചെന്നു പറയുകയും ഉടന്‍ കോള്‍ മുറിയുകയും ചെയ്‌തു. തുടര്‍ന്നു 10 മണിയോടെ ഹൈദരാബാദിലുള്ള തുവയൂര്‍ സ്വദേശികളായ സുജിത്തിനേയും സുനിലിനേയും മനു ഫോണില്‍ ബന്ധപ്പെട്ടു. ആരോ ആക്രമിക്കാന്‍ ശ്രമിക്കുന്നെന്നും ട്രെയിനില്‍നിന്നു പുറത്തു ചാടി രക്ഷപ്പെട്ടതായും മനു ഇവരെ അറിയിച്ചു.

11 മണിയോടെ മാതാവ്‌ വിജയമ്മ മനുവിനെ ഫോണ്‍ ചെയ്‌തപ്പോള്‍ താന്‍ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെട്ടെന്നും ആള്‍താമസമില്ലാത്ത ഒരുസ്‌ഥലത്തു പഞ്ഞിക്കാട്ടില്‍ ഒളിച്ചിരിക്കുകയാണെന്നും മനു പറഞ്ഞിരുന്നു. തുടര്‍ന്ന്‌ ഹൈദരാബാദില്‍നിന്ന്‌ സുജിത്തും സുനിലും മനുവിനെ തേടി നടുകുഴി എന്ന സ്‌ഥലത്ത്‌ ഇന്നലെ രാവിലെയെത്തി ദാസറാപ്പള്ളി പോലീസ്‌ സ്‌റ്റേഷനുമായി ബന്ധപ്പെട്ടു. നടുകുഴിയില്‍നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഒരു അജ്‌ഞാതമൃതദേഹം കിടക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന്‌ ഇരുവരും അവിടെയെത്തിയപ്പോള്‍ മനുവിന്റെ മൃതദേഹം ശിരസില്ലാത്ത നിലയില്‍ റയില്‍വെട്രാക്കില്‍ കിടക്കുന്നതാണു കണ്ടത്‌. പോക്കറ്റില്‍നിന്നു ലഭിച്ച തിരിച്ചറിയല്‍കാര്‍ഡും തല്‍ക്കാല്‍ രജിസ്‌ട്രേഷന്‌ ഉപയോഗിച്ച ഫോമില്‍നിന്നുമാണ്‌ മനുവിന്റെ മൃതദേഹമാണെന്ന്‌ ഇവര്‍ സ്‌ഥിരീകരിച്ചത്‌.

കഴിഞ്ഞ 24-ന്‌ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണു മനു നാട്ടിലെത്തിയത്‌. രണ്ടുവര്‍ഷമായി ഹൈദരാബാദിലെ വോള്‍ട്ടാസ്‌ കമ്പനിയിലെ കോണ്‍ട്രാക്‌ട് വ്യവസ്‌ഥയിലുള്ള വെല്‍ഡറായി ജോലിനോക്കുകയായിരുന്നു മനു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :