മരിച്ചയാളെ വഴിയില്‍ തള്ളിയതിനു തടവുശിക്ഷ

കൊല്ലം| WEBDUNIA|
PRO
PRO
മിനി ലോറി ഇടിച്ച് പരിക്കേറ്റയാളെ ചികിത്സയ്ക്കെന്ന് കാട്ടി വണ്ടിയില്‍ കൊണ്ടുപോയപ്പോള്‍ ഇയാള്‍ മരിച്ചെന്നറിയുകയും മൃതദേഹം വഴിയിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തയാളെ രണ്ട് വര്‍ഷത്തെ കഠിന തടവിനു കോടതി ശിക്ഷിച്ചു.

2009 ഏപ്രില്‍ 28 ന്‌ ഓച്ചിറ പരബ്രഹ്മക്ഷേത്ര പരിസരത്ത് ദേശീയ പാതയില്‍ ഉച്ചയ്ക്ക് റോഡ് കുറുകേ കടക്കാന്‍ തുനിഞ്ഞ ആദിനാട് പുനക്കുളം പാലക്യോട്ടു പടിഞ്ഞാറേ തറയില്‍ പുരുഷന്‍ എന്ന 63 കാരനെ പാഞ്ഞുവന്ന മിനി ലോറി ഇടിച്ചു. റോഡില്‍ വീണയാളെ അതേ വണ്ടിയിലെ ഡ്രൈവറായ ഇരിങ്ങാലക്കുട കൊരസിശ്ശേരി മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപം പാണ്ടിപ്പറമ്പില്‍ രാജീവ് (36) എന്നയാള്‍ ആശുപത്രിയില്‍ എത്തിക്കാമെന്ന് അപകടം നടന്ന സമയത്ത് എത്തിയ ആളുകളോടു പറഞ്ഞു.

ഇതനുസരിച്ച് പുരുഷനെ മിനി ലോറിയില്‍ കയറ്റി എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോകവേ വഴിയില്‍ വെച്ച് പുരുഷന്‍ മരിച്ചതറിയുകയും മൃതദേഹം മാരാരിക്കുളത്തിനടുത്ത് കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയുമാണുണ്ടായത്.

പിന്നീട് മൃതദേഹം സംബന്ധിച്ച അന്വേഷണം നടക്കവേയാണു രാജീവ് പൊലീസ് പിടിയിലായത്. കൊല്ലം അഡിഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജി എസ് സന്തോഷ് കുമാറാണു രാജീവിനു രണ്ട് കൊല്ലത്തെ കഠിന തടവും പിഴയും വിധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :