മമ്പാട് തീവെപ്പ്: ആസൂത്രിതമെന്ന് കമ്പനി

മലപ്പുറം| WEBDUNIA|
മലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത് മമ്പാടില്‍ റബ്ബര്‍ ഫാക്‌ടറിക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി കമ്പനി സി ഇ ഒ രാജീവ് സൂരി. ദക്ഷിണ കേരളത്തിലെ ചില റബ്ബര്‍ കമ്പനികളാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നതായും കമ്പനി വ്യക്തമാക്കി.

വെടിവെപ്പുണ്ടായത് നിര്‍ഭാഗ്യകരമാണ്. ജനക്കൂട്ടത്തിനിടയില്‍ ചില സാമൂഹ്യവിരുദ്ധരെ തിരുകിക്കയറ്റിയാണ് അക്രമമുണ്ടാക്കിയതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്‌ചയായിരുന്നു മമ്പാടിലെ ആര്‍ കെ ലാറ്റക്‌സ് കമ്പനിക്ക് തീ വെച്ചത്. സമരപ്പന്തല്‍ കെട്ടാനെത്തിയ തൊഴിലാളികള്‍ക്കു നേരെ വെടിവെച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. വെടിവെപ്പില്‍ സമരപ്പന്തല്‍ കെട്ടാനെത്തിയ ഒരാള്‍ക്ക് പരുക്കേല്ക്കുകയും മറ്റൊരാള്‍ക്ക് വെട്ടേല്ക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ കമ്പനിക്ക് തീ വെക്കുകയായിരുന്നു. എന്നാല്‍ ബുധനാഴ്ചയും കമ്പനിക്ക് തീ വെച്ചിരുന്നു.

സെക്യൂരിറ്റി ജീവനക്കാരുടെ വേഷത്തിലെത്തിയ ഗുണ്ടകളാണ്‌ അക്രമം നടത്തിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ചാലിയാര്‍ പുഴയുടെ തീരത്താണ് ആര്‍ കെ ലാറ്റക്‌സ് കമ്പനി സ്ഥിതി ചെയ്യുന്നത്. കമ്പനിയിലെ മാലിന്യം ചാലിയാര്‍ പുഴയിലേക്ക് തള്ളുന്നതിനെതിരെ കുറേക്കാലമായി ഇവിടെ പ്രതിഷേധം നിലനിന്നിരുന്നു. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു സമരപ്പന്തല്‍ കെട്ടാന്‍ നാട്ടുകാര്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :