മന്ത്രിയേക്കാള്‍ വലിയ സ്ഥാനമാണ് പാര്‍ട്ടി അധ്യക്ഷന്‍: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം|
WEBDUNIA|
PRO
മന്ത്രിയേക്കാളും മുഖ്യമന്ത്രിയേക്കാളും വലിയ സ്ഥാനമാണ് കെ പി സി സി അധ്യക്ഷപദവിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. മന്ത്രിസഭയിലേക്ക് വരുന്നതിനോട് രമേശ് ചെന്നിത്തല ഒരിക്കലും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ രമേശ് ചെന്നിത്തല മന്ത്രിയാകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് വിശദമായി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും താന്‍ മന്ത്രിയാകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പറയുമെന്നും രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു. എന്നാല്‍ പുനഃസംഘടന ചര്‍ച്ച ചെയ്തില്ലെന്നും പുനഃസംഘടന ഇപ്പോള്‍ അജണ്ടയിലില്ലെന്നും മന്ത്രിസഭയില്‍ ഒഴിവുള്ള ഒരു സ്ഥാനത്തേക്കുറിച്ച് മാത്രമാണ് ചര്‍ച്ച നടന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
താന്‍ മന്ത്രിയാകുമെന്ന് കെ പി സി സി പ്രസിഡന്‍റ് ഒരിക്കലും പറഞ്ഞിട്ടില്ല. അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് വരുമെന്ന് ഞാനും പറഞ്ഞിട്ടില്ല. മന്ത്രിയാകാന്‍ ഒരിക്കലും അദ്ദേഹം താല്‍പ്പര്യവും പ്രകടിപ്പിച്ചിട്ടില്ല. മാധ്യമങ്ങളില്‍ അങ്ങനെ പ്രചരിച്ചു എന്നേയുള്ളൂ. മന്ത്രിയേക്കാളും മുഖ്യമന്ത്രിയേക്കാളും വലിയ പദവിയാണ് കെ പി സി സി അധ്യക്ഷന്‍റേത്. അതിന് മുകളില്‍ എ ഐ സി സി പ്രസിഡന്‍റ് മാത്രമേയുള്ളൂ - ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെ ബി ഗണേഷ്കുമാര്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ യു ഡി എഫിലെ എല്ലാവരുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമേ തീരുമാനമാകുകയുള്ളൂ എന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.