മന്ത്രിപുത്രന്‍ തല്ലുണ്ടാക്കി, സസ്പെന്‍ഷന്‍ വാങ്ങി

തിരുവനന്തപുരം| WEBDUNIA|
മന്ത്രിപുത്രനായാല്‍ എന്തുമാകാമെന്നാണോ? അങ്ങനെ ചില മന്ത്രിപുത്രന്മാര്‍ കേരളത്തില്‍ പറയാതെ പറയുന്നുണ്ടെന്നാണ് പൊതുജനം പറയുന്നത്. ഇത്തവണ ഏതായാലും പുതിയ ഒരാളാണ് മന്ത്രിപുത്രന്‍റെ പവര്‍ കാട്ടിയത്. വൈദ്യുതമന്ത്രി എ കെ ബാലന്‍റെ മകന്‍ നിഖില്‍ ബാലന്‍.

നിയമം പഠിക്കുന്ന നിഖില്‍ ഏതായാലും കോളജിലെ നിയമങ്ങളും പതിവുകളും തെറ്റിക്കുക തന്നെ ചെയ്തു. തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളജില്‍ പഠിപ്പിച്ചുകൊണ്ടുനിന്ന അധ്യാപകന്‍റെ മുന്നിലിട്ട് എതിരാളികളെ തല്ലുന്നതിന് നിഖിലിന് ആരുടെയും സമ്മതം വേണ്ടിയിരുന്നില്ല. ഏതായാലും, അച്‌ഛന്‍റെ പവര്‍ കാമ്പസിലെടുത്ത മന്ത്രിപുത്രനെ തല്കാലം കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

കാമ്പസിലെ കടുത്ത എസ് എഫ് ഐ പ്രവര്‍ത്തകനാണ് നിഖില്‍. കെ എസ് യു പ്രവര്‍ത്തകരും സെനറ്റ് അംഗങ്ങളുമായ ബിജിത് ഷാനവാസിനെയും മഹേഷ് ചന്ദ്രനെയുമായിരുന്നു നിഖിലിന്‍റെ നേതൃത്വത്തില്‍ ഇന്നലെ ഇടിച്ച് പരിക്കേല്പിച്ചത്.

ക്ലാസ്മുറിയില്‍ അധ്യാപകന്‍ പഠിപ്പിച്ചുകൊണ്ടു നില്‍ക്കേ നടത്തിയ അക്രമം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണ് കോളജ് മാനേജ്‌മെന്‍റിന്‍റെ നിലപാട്. ഇക്കാരണത്താലാണ് നിഖിലിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :