സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ടി എം ജേക്കബ് (63) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഹൃദയത്തിന് സമ്മര്‍ദം കൂട്ടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ രോഗമായിരുന്നു അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നത്.
ഒക്ടോബര്‍ 17-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ അദ്ദേഹത്തെ ഐ സി യുവിലേക്ക് മാറ്റി. ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും മരണസമയത്ത് അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു.
18 വര്‍ഷമായി അദ്ദേഹം പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന് ചികിത്സയിലായിരുന്നു. ഭാര്യ ഡെയ്‌സി ഫെഡറല്‍ ബാങ്ക്, സീനിയര്‍ മാനേജരാണ്. അഡ്വ അനൂപ് ജേക്കബ് (യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അമ്പിളി ജേക്കബ് (അസി മാനേജര്‍, ഇന്‍കല്‍, തിരുവനന്തപുരം) എന്നിവര്‍ മക്കളാണ്.