ഡ്യൂട്ടികഴിഞ്ഞ് വീട്ടില്‍ പോകുന്നതിന് മുന്‍പ് അല്‍പം മിനുങ്ങിയ പൊലീസുകാരാന് പണികിട്ടി. മദ്യപിച്ചതിന് ശേഷം കാര്‍ ഓടിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പൊലീസുകാരന്‍. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ ഇയാള്‍ക്ക് ചെറിയ മയക്കം തോന്നി മദ്യപിച്ച് വാഹനം ഓടിക്കേണ്ട എന്ന് കരുതി ഇയാള്‍ കാര്‍ നിര്‍ത്തി ഒരു കടത്തിണ്ണയില്‍ സുഖമായി കിടന്നുറങ്ങി.
മണിക്കൂറുകളൊളം ഒരുകാര്‍ വീടിനുമുന്നില്‍ കാണാനിടയായതിനെത്തുടര്‍ന്ന് സമീപത്തുള്ള വീട്ടുകാരന്‍ ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് സംഭവം എന്താണെന്ന് അറിയാന്‍ എ എസ് ഐയും സംഘവും സ്ഥലത്തെത്തി. കാര്‍ നിര്‍ത്തിയിട്ട് ഒരു ഭീകരന്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന കണ്ട എ എസ് ഐ ഇയാളെ തൂക്കിയെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു.
സ്റ്റേഷനില്‍ എത്തിച്ചപ്പോളാണ് താന്‍ കസ്റ്റഡിയില്‍ എടുത്ത ഭീകരന്‍ തന്നെപോലെയുള്ള മറ്റൊരു പൊലീസുകാരനാണെന്ന് എ എസ് ഐക്ക് മനസിലായത്. ഇക്കാര്യം എസ് ഐയെ വിളിച്ച് പറയാന്‍ എ എസ് ഐ നമ്പര്‍ ഞെക്കിയപ്പോള്‍ ബെല്ലടിച്ചത് സി ഐയുടെ ഓഫിസിലാണ്. ഉടന്‍ തന്നെ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ സി ഐ പറഞ്ഞു. ഇതറിഞ്ഞ പൊലീസുകാരന്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി. സ്റ്റേഷനിലുള്ള പൊലീസുകാര്‍ ഇയാളുടെ പിറകെ ഓടി. ഒടുവില്‍ ഇയാളെ പിടിച്ചു കൊണ്ടുവന്ന് ലോക്കപ്പിലാക്കുകയായിരുന്നു.