മദ്യം കുടിച്ച് അവശനിലയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചു; പരിശോധനയില്‍ പാമ്പുകടിച്ചതെന്ന് ഡോക്ടര്‍മാര്‍

പേരാമംഗലം| WEBDUNIA|
PRO
വീടിന് സമീപം കളിക്കുന്നതിനിടെ മദ്യം കഴിച്ച് അവശനിലയിലായതെന്ന് കരുതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പാമ്പ് കടിച്ചിരുന്നതായി ഡോക്ടര്‍മാര്‍.

അബോധാവസ്ഥയില്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ച കുട്ടി അപകടനില തരണംചെയ്തതായും ഡോക്ടര്‍മാര്‍ പറഞ്ഞു.പോന്നോര്‍ സ്വദേശിയൂടെ മകനാണ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുള്ളത്.

വീടിന് സമീപത്തെ പറമ്പില്‍ കിടന്ന മദ്യക്കുപ്പിയില്‍നിന്ന് മദ്യം കുടിച്ചെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് പാമ്പ് കടിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്.

ഇടത് കൈപ്പത്തിയിലാണ് പാമ്പ് കടിയേറ്റ പാടുകള്‍ ഉള്ളത്. മദ്യം പുറത്തു കളയാന്‍ വയറിളക്കുകയും ട്യൂബ് ഉപയോഗിച്ച് വയറിനുള്ളില്‍ അവശേഷിച്ച വസ്തുക്കള്‍ പുറത്തെടുക്കുകയും ചെയ്തപ്പോള്‍ മദ്യത്തിന്റെ നേരിയ അംശം മാത്രമാണുണ്ടായിരുന്നത്.
കുട്ടിയുടെ ബോധം നഷ്ടപ്പെടാന്‍ കാരണം മദ്യമല്ലെന്ന് മനസ്സിലാക്കിയാണ് ശരീരത്തില്‍ വിശദമായി പരിശോധന നടത്തിയത്. പാമ്പുകടിയുടെ പാട് കണ്ടതിനെ തുടര്‍ന്ന് പാമ്പിന്‍ വിഷത്തിന് എതിരെയുള്ള ചികിത്സ നല്‍കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :