മദനിയ്ക്കെതിരായ വാറന്‍റ് കാലാവധി ഇന്ന് തീരും

ബാംഗ്ലൂര്‍| WEBDUNIA| Last Modified ചൊവ്വ, 20 ജൂലൈ 2010 (08:52 IST)
ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മദനിക്കെതിരെയുള്ള ജാമ്യമില്ലാ വാറണ്ടിന്റെ കാലാവധി ഇന്ന് തീരും. കേസില്‍ മുപ്പത്തിയൊന്നാം പ്രതിയായ മദനിക്കെതിരെ ഈമാസം ആറിനാണ് ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുതുക്കി പുറപ്പെടുവിച്ചത്.

അറസ്റ്റ് ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കര്‍ണ്ണാടക പോലീസിന്റെ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. കേസിലെ മുപ്പത്തിരണ്ടാം പ്രതിയായ കണ്ണൂര്‍ സ്വദേശി ഷുഹൈബ് എന്ന ഫൈസലിനെതിരെയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ജൂണ്‍ 15നാണ് മദനിക്കും ഷുഹൈബിനുമെതിരെ ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വെങ്കിടേഷ് ഗുരിഗി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ജൂണ്‍ 23ന് ഹാജരാക്കാനായിരുന്നു ആദ്യം നിര്‍ദ്ദേശം. പിന്നീട് ജൂലൈ ആറിനകം ഹാജരാക്കണമെന്നാവശ്യപ്പെട്ട് വാറണ്ട് പുതുക്കി പുറപ്പെടുവിച്ചു. അന്നും ഹാജരാക്കാതിരുന്നതിനാല്‍ വീണ്ടും വാറണ്ട് പുതുക്കുകയായിരുന്നു.

മദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടിയില്‍ വ്യാഴാഴ്ചയാണ് പരിഗണനക്ക് വരിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :