ബാംഗ്ലൂര്‍ സ്ഫോടന പരമ്പര കേസില്‍ അറസ്റ്റിലായ പി ഡി പി ചെയര്മാന് അബ്ദുല്‍ നാസര്‍ മദനിയെ കര്‍ണാടക പൊലീസ് കുടകിലെത്തിച്ചു തെളിവെടുത്തതായി റിപ്പോര്‍ട്ട്. തിരിച്ചറിയല്‍ പരേഡ് നടത്തിയതിനു ശേഷം ഇന്നലെ രാത്രിയാണു മദനിയെ കുടകിലേക്കു കൊണ്ടു പോയത്.
കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത് അനുസരിച്ച് ബാംഗ്ലൂര്സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്നത് കുടകിലാണ്. മദനി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തെളിവെടുപ്പിനായി ഇവിടെയത്തിച്ചത്.
ഈ കേസുമായി ബന്ധപ്പെട്ട് മദനി ഫോണില്‍ വിദേശത്തുള്ള ഒരാളുമായി ഉറുദുവില്‍ സംസാരിച്ചതായും പൊലീസ് കണ്ടെത്തി. ഇത് തടിയന്റവിട നസീര്‍ ആണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നസീറിനെ തനിക്കറിയാമെന്നും എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായോ ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായോ ബന്ധപ്പെട്ടു നസീര്‍ തന്നെ വിളിച്ചിട്ടില്ലെന്നാണു മദനി മൊഴി നല്‍കിയതെന്നാണ് സുചന.
മദനിയെ കുടകില്‍ കണ്ടതായി മൊഴി നല്കിയ റഫീഖ്, പ്രഭാകര്‍ എന്നീ സാക്ഷികളെ ഇന്നലെ വൈകിട്ടു ബാംഗൂരില് എത്തിച്ചു തിരിച്ചറിയല്‍ പരേഡ് നടത്തിയതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മദനിയില് നിന്നു ലഭിക്കുന്ന വിവരങ്ങള്‍ കോടതി മുമ്പാകെ അറിയിക്കുമെന്നും അതു മാധ്യമങ്ങളോടു വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണത്തിനു ചുക്കാന്‍ പിടിക്കുന്ന ജോയിന്റ് കമ്മിഷണര്‍ അലോക് കുമാര്‍ പറഞ്ഞിരുന്നു.