മദനിക്കെതിരായ ജാമ്യമില്ലാ വാറണ്ട് ജൂലൈ ആറു വരെ

ബാംഗ്ലൂര്‍| WEBDUNIA| Last Modified ബുധന്‍, 23 ജൂണ്‍ 2010 (15:17 IST)
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ 31 ാം പ്രതിയായ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരായ ജാമ്യമില്ലാ വാറണ്ടിന്‍റെ കാലാവധി അടുത്ത മാസം ആറു വരെ നീട്ടി. ബാംഗ്ലൂര്‍ മെട്രോ പൊളീറ്റന്‍ കോടതിയുടേതാണ് ഉത്തരവ്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് കാലാവധി നീട്ടിയത്.

മദനിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടിന്‍റെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറണ്ടിന്‍റെ കാലാവധി നീട്ടിയിരിക്കുന്നത്. മദനിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു അന്വേഷണസംഘം കോടതിയില്‍ ഇന്ന് ബോധിപ്പിച്ചത്. മദനിക്ക് സമന്‍സ് അയച്ചിരുന്നെങ്കിലും കൈപ്പറ്റിയിരുന്നില്ല. ഇക്കാരണത്താല്‍ മദനി ഒളിവിലാണെന്നും അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചു.

കേസ്‌ ജൂലൈ ആറിന്‌ കോടതി വീണ്ടും പരിഗണിക്കും. സ്ഫോടനക്കേസില്‍ പ്രതികളായ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സര്‍ഫ്രാസ്‌ നവാസ്‌ അടക്കമുള്ള ഒന്‍പതു പ്രതികളുമായും മജിസ്ട്രേറ്റ്‌ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മദനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാംഗ്ലൂര്‍ അതിവേഗ കോടതി അന്തിമവാദം കേള്‍ക്കുന്നത്‌ ഈ മാസം 29നാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :