മതേതരമുന്നേറ്റത്തിന് സി പി എം എതിര്: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
മതേതര മുന്നേറ്റത്തിന് തടസമുണ്ടാക്കുന്ന നിലപാ‍ടാണ് പൊന്നാനിയില്‍ സി പി എം സ്വീകരിച്ചതെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വോട്ടിനു വേണ്ടി ഏതു വേഷവും ധരിക്കാന്‍ സി പി എം തയ്യാറാകുന്നതിന് തെളിവാണ് പൊന്നാനിയില്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയായ ‘ജനവിധി 2009’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിയുടെ മൂന്നു വര്‍ഷത്തെ ഭരണത്തിന്‍ കീഴില്‍ കേരളത്തിലെ ജനം പൊറുതി മുട്ടുകയാണ്. ഭരണത്തിന്‍റെ എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. ചാര്‍ജ് വര്‍ധനകള്‍ വഴി ജനജീവിതം നരക തുല്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലാവ്‌ലിന്‍ അഴിമതി മുഖ്യമന്ത്രിയും പിണറായി വിജയനും ചേര്‍ന്ന് മൂടിവെയ്ക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ എല്ലാ മേഖലകളിലും അഴിമതി കൊടികുത്തി വാഴുകയാണ്. അഴിമതി തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കും. ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കാത്തത് ജനങ്ങളോടുള്ള വെല്ലുവളിയാണെന്നും ചെന്നിത്തല പറഞ്ഞു.

ഇടതുമുന്നണിയുടേത് അവസരവാദ നയമാണ്. പൊന്നാനിയില്‍ ഉണ്ടായത് സി പി എമ്മിനെ പോലുള്ള ഒരു പാര്‍ട്ടിയ്ക്ക് എത്രമാത്രം യോജിച്ചതാണെന്ന് ചിന്തിക്കേണ്ടതാണ്. സി പി എം ഇപ്പോള്‍ അപചയത്തിന്‍റെ പാതയിലാണ്. ജനതാദള്‍ മുന്നണി വിട്ടു. സി പി എമ്മും സി പി ഐയും തമ്മിലുള്ള നയവ്യത്യാസം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. മുന്നണിയിലുണ്ടെങ്കിലും ആര്‍ എസ് പിയും പ്രശ്നത്തിലാണ്.

തെരഞ്ഞെടുപ്പില്‍ പ്രധാനമായും എന്‍ ഡി എയും, യു പി എയും തമ്മിലാണ് മത്സരം. ദേശീയതലത്തില്‍ മുന്നാം മുന്നണി രൂ‍പം കൊണ്ടത് ബി ജെ പിയെ സഹായിക്കാനാണ് - രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :