ആവേശം മൂക്കുമ്പോള്‍ നാം ജീവിക്കുന്നത് വിവരസാങ്കേതികയുഗത്തിലാണെന്ന കാര്യം ഏവരും മറക്കുന്നു. പറഞ്ഞതെല്ലാം അതേപടി ടിവിയിലും പിന്നീട് യൂട്യൂബിലും പ്രത്യക്ഷപ്പെടുന്ന കാലമാണിത്. ഇടുക്കി സിപിഐ(എം) ജില്ലാ സെക്രട്ടറി ഇതുപോലെ സകലതും മറന്ന് പ്രസംഗിച്ചതിന്റെ ഫലമായാണ് സെക്രട്ടറി പദവിയും പോയി വീട്ടില്‍ കയിലും കുത്തിയിരിക്കുന്നത്. ഈ ഗതി തന്നെ മന്ത്രി ഗണേഷ് കുമാറിന് ഉണ്ടാകുമോ? ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിയമവിരുദ്ധമായി മൃഗത്തോല്‍ വീട്ടില്‍ അലങ്കാരവസ്തുവായി സൂക്ഷിക്കുന്ന ഒരുപിടി പരിസ്ഥിതി പ്രവര്‍ത്തകരെ തനിക്ക് അറിയാമെന്നാണ് ഗണേഷ് കുമാര്‍ ഇക്കഴിഞ്ഞ ദിവസം കത്തിക്കയറിയത്.
എന്തായാലും മന്ത്രി പുലിവാല്‍ പിടിച്ചിരിക്കുകയാണ്. വീട്ടില്‍ മൃഗത്തോല്‍ സൂക്ഷിക്കുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തിയെ പറ്റി തനിക്ക് മുന്നറിവ് ഉണ്ടെന്ന് സമ്മതിക്കുകയാണ് ഗണേഷ് കുമാര്‍ ചെയ്തത്. മന്ത്രിയായി പദവി ഏറ്റെടുക്കുമ്പോള്‍ ചൊല്ലിക്കൊടുക്കുന്ന സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണിത്. മന്ത്രിയെന്ന നിലയില്‍ മാത്രമല്ല പൌരനെന്ന നിലയിലും ഇന്ത്യന്‍ നിയമങ്ങളെ ഗനേഷ് കുമാര്‍ അംഗീകരിക്കുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. ടിപി വധവുമായി ബന്ധപ്പെട്ട് ചില കമ്യൂണിസ്റ്റ് നേതാക്കള്‍ നടത്തിയ പരസ്യ പ്രസ്താവനയില്‍ കേസെടുത്ത് മുന്നോട്ട് കുതിക്കുന്ന യുഡിഎഫിനെ ഒരു അരുക്കാക്കാന്‍ എന്തായാലും സിപിഎമ്മിന് ഗണേഷ് ഒരു വടി കൊടുത്തിരിക്കുകയാണ്.
ഗണേഷിന്റെ പ്രസ്താവന ഉടനെ തന്നെ ഡിവൈഎഫ്‌ഐ ഏറ്റെടുക്കുകയും വിവാദമാക്കുകയും ചെയ്തു. വന്യജീവികളുടെ തോലെടുത്ത് സൂക്ഷിക്കുന്നത് കുറ്റകരമാണെന്ന് അറിയാമായിരുന്നിട്ടും മന്ത്രി പോലീസില്‍ അറിയിക്കാന്‍ തയാറായിട്ടില്ല. കുറ്റം ചെയ്തവരെ അറിയാമായിരുന്നിട്ടും ഇത് മറച്ചുവെച്ച മന്ത്രിയും കുറ്റക്കാരനാണ്. അതിനാല്‍ ഗണേഷ് കുമാറിന്റെ പേരില്‍ കേസെടുക്കണം എന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം.
എന്തായാലും, ഗണേഷ് കുമാറിനെതിരെ കേസെടുക്കണമെന്ന സ്വകാര്യ ഹര്‍ജി തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഫയലില്‍ സ്വീകരിച്ചു. മൃഗത്തോല്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ തനിക്കറിയാമെന്ന ഗണേഷിന്റെ പ്രസ്താവന കുറ്റകൃത്യം മറച്ചുവെക്കലിന് കൂട്ടു നില്‍ക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗണേഷിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.