മകന് അനുഗ്രഹവുമായി അച്ഛനെത്തി

തിരുവനന്തപുരം| M. RAJU|
രാഷ്ട്രീയ വൈരങ്ങള്‍ മാറ്റി വച്ച് അച്ഛന്‍ മകനെ കാണാനെത്തി. പതിവ് തെറ്റിക്കാതെ ഇക്കുറിയും അച്ഛന്‍റെ ഇരുമുടിക്കെട്ടുമായാണ് മകന്‍ ശബരിമലയ്ക്ക് പോയത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ലീഡര്‍ കെ.കരുണാകരന്‍ മകന്‍ മുളീധരന്‍റെ ജ്യോതിസ് എന്ന വീട്ടിലെത്തിയത്. കറുത്ത മുണ്ടുടുത്തെത്തിയ ലീഡര്‍ ശരണം വിളികളോടെയാണ് മുരളീധരന്‍റെ വീട്ടിലേക്ക് കയറിയത്. മുരളിക്കൊപ്പം ശബരിമലയ്ക്ക് പോകുന്ന മക്കളായ ശബരിയും കണ്ണനും മുത്തച്ഛനെ സ്വീകരിച്ചു.

അച്ഛനെത്തിയതോടെ പൂജാമുറിയിലായിരുന്ന മകന്‍ മുരളീധരന്‍ പുറത്തേയ്ക്ക് വന്നു. തുടര്‍ന്ന് ഇരുവരും കുശലാന്വേഷണത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് കെട്ട് നിറയ്ക്കല്‍. അതിന് ശേഷം അച്ഛന്‍ മകനെ അനുഗ്രഹിച്ചു. തുടര്‍ന്ന് ശരണംവിളികളോടെ അച്ഛന്‍ മകന്‍റെ തലയിലേക്ക് ഇരുമുടിക്കെട്ട് വച്ചു.

1973 മുതല്‍ ഇതുവരെയും മുരളീധരന്‍ ശബരിമല തീര്‍ത്ഥാടനം മുടക്കിയിട്ടില്ല. എല്ലാവര്‍ഷവും ഇരുമുടിക്കെട്ട് തലയിലേറ്റുന്നത് അച്ഛന്‍ കരുണാകരനാണ്. ഇക്കുറി രാഷ്ട്രീയ വൈരം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കരുണാകരന്‍ എത്തുമോയെന്ന് എല്ലാവരും സംശയിച്ചു. എന്നാല്‍ അദ്ദേഹം പതിവ് തെറ്റിച്ചില്ല.

യാത്ര തിരിക്കുന്നതിന് മുമ്പായി അച്ഛനും മകനും ഒപ്പമിരുന്ന് പ്രാതലും കഴിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :