മകനെതിരായ ആരോപണം സിബിഐക്ക്: വിഎസ്

തിരുവനന്തപുരം| WEBDUNIA|
PRO
തന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യമായി പ്രധാനമന്ത്രിയുടെ മുന്നില്‍ വെയ്ക്കുകയാണ്. ലോട്ടറിക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ടത് താനാണ്. ലോട്ടറിക്കേസ് അന്വേഷണം താനെന്തിന് അട്ടിമറിക്കണമെന്നും വി എസ്. ലോട്ടറിക്കേസില്‍ തന്റെ മകന്‍ ഇടപെട്ടോ എന്ന് സി ബി ഐ അന്വേഷിക്കണം. നമ്പ്യാരുടെ ആരോപണം നമ്പ്യാര്‍ തന്നെ വിഴുങ്ങിയതാണ്. ഇരിണാവില്‍ പദ്ധതി തുടങ്ങാനുള്ള നീക്കത്തെ ഞാന്‍ എതിര്‍ത്തു. അത് ശരിയാണെന്ന് കാലം തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

മകനെതിരായ വ്യക്തിപരമായ ആരോപണങ്ങളില്‍ സാധാരണ ഇന്ത്യന്‍ പൌരനെന്ന പരിഗണന മാത്രമേ അരുണ്‍ കുമാറിനു നല്കുന്നുള്ളൂ. ആരോപണങ്ങള്‍ നിയമപരമായി നേരിടണമെന്ന് മകനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരാതിയുള്ള ആര്‍ക്കും നിയമനടപടി സ്വീകരിക്കാവുന്നതാണ്. ചന്ദനക്കേസ് ആരോപണവുമായി ബന്ധപ്പെട്ട് മകനെതിരായ ആരോപണം പ്രതിപക്ഷനേതാവ് എഴുതിത്തരട്ടെ. പ്രതിപക്ഷനേതാവ് ആവശ്യപ്പെടുന്ന ഏത് ഏജന്‍സിയെക്കൊണ്ടും ആരോപണങ്ങളെക്കുറിച്ച് അന്വേഷിപ്പിക്കാം.

അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ജനശ്രദ്ധ തിരിക്കാനാണ് യു ഡി എഫിന്റെ ശ്രമം. അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ രാഷ്‌ട്രീയ എതിരാളികള്‍ക്ക് നേരെ വ്യാജതെളിവുകള്‍ നിര്‍മ്മിക്കുന്നത് കോണ്‍ഗ്രസ് പാരമ്പര്യമാണ്. ബോഫോഴ്സ് അഴിമതി ഉന്നയിച്ച വി പി സിംഗിനെ താഴെയിറക്കാന്‍ അദ്ദേഹത്തിന്റെ മകന്റെ പേരില്‍ വ്യാജ അക്കൌണ്ട് തുടങ്ങാന്‍ മുന്‍ കൈയെടുത്തത് നരസിംഹ റാവുവാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആന്ധ്ര അരി കുംഭകോണ കേസില്‍ കെ സി ജോര്‍ജിനെതിരായ വ്യാജ തെളിവുകള്‍ നിര്‍മ്മിച്ചതിനെ പറ്റി കോണ്‍ഗസ് നേതാവ് വേലായുധന്‍ നായര്‍ തന്റെ ആത്മകഥയില്‍ വ്യക്തമാക്കിയതാണ്.

പ്രതിപക്ഷത്തിന്റെ ഈ ആരോപണങ്ങള്‍ക്കൊന്നും തങ്ങളെ ഈ പോരാട്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും വി എസ് പറഞ്ഞു. അഴിമതിക്കാരെയും പെണ്‍ വാണിഭക്കാരെയും കൈയ്യാമം വെയ്ക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ചന്ദനമാഫിയയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന ആരോപണങ്ങള്‍ കളവാണെന്ന് തെളിയിക്കുന്ന പത്രവാര്‍ത്തകളും നിയമസഭാ രേഖകളും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കി. ചിദംബരത്തിനും മന്‍മോഹന്‍ സിംഗിനും അയച്ച കത്തിന്റെ പകര്‍പ്പ്, ചിദംബരം അയച്ച മറുപടികത്തിന്റെ ഫോട്ടോകോപ്പി, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട കത്ത്, പ്രധാമന്ത്രിക്ക് അയച്ച കത്തിന്റെ സ്പീഡ് പോസ്റ്റിന്റെ ബില്‍ തുടങ്ങിയ തെളിവുകളും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറി.

ഐസ്ക്രീംകേസിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അന്വേഷണം എ ഡി ജി പി വിന്‍സന്‍ എം പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ടീമിനെ തയ്യാറാക്കി അന്വേഷണം മുന്നോട്ടു പോകുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തുവരികയാണ്. ബാലകൃഷ്ണപിള്ള ജയിലില്‍ പോയി, കേരള കോണ്‍ഗ്രസ് മാണിയിലെ സജീവനും പോയി. കുഞ്ഞാലിക്കുട്ടിയുടെ അന്വേഷണം വരുമ്പോഴേക്കും അടുത്തയാള്‍ക്കും പോകാം. പിന്നെ ജയിലില്‍ അവര്‍ക്കെല്ലാം സ്ഥിരമായി കമ്മിറ്റി കൂടാവുന്നതാണെന്നും പരിഹാസരൂപേണ മുഖ്യമന്ത്രി പറഞ്ഞു.

ഗോള്‍ഫ് ക്ലബിലെ മകന്റെ അംഗത്വത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കളിക്കാനുള്ള സ്ഥലം ഉള്ളിടത്തേക്ക് കളിക്കാന്‍ പോകുന്നതിനെ താന്‍ വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കിളിരൂര്‍ വി ഐ പിയെയും ലൈംഗിക അരാജകത്വം കാണിച്ചരെയും വെറുതെവിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :