ഭൂമിതട്ടിപ്പ് ആയുധമാക്കാന്‍ പ്രതിപക്ഷം: വിഎസ് ഇന്ന് കടകംപള്ളിയിലേക്ക്

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 26 ഒക്‌ടോബര്‍ 2013 (09:06 IST)
PRO
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ടെന്ന് പരാതിയുള്ള ഭൂമിതട്ടിപ്പ് സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം.

തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി ഭൂമി തട്ടിപ്പിന് ഇരയായവരെ പ്രതിപക്ഷ നേതാവ് വിഎസ്അച്യുതാനന്ദന്‍ ഇന്ന് സന്ദര്‍ശിക്കും.

സലിംരാജ് തട്ടിയെടുത്തുവെന്ന് പറയപ്പെടുന്ന ഭൂമിയും വി.എസ് കാണും.
കടകംപള്ളി വില്ലേജിലെ 12.27 ഏക്കര്‍ ഭൂമി സലിം രാജും മറ്റും തട്ടിയെടുത്തെന്ന്‌ ആരോപിച്ച്‌ പ്രേംചന്ദ്‌ ആര്‍ നായരും മറ്റുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഭൂമി തട്ടിപ്പ് കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചിരുന്നു.

വര്‍ഷങ്ങളായി വീട് വച്ച് താമസിക്കുന്നവരാണ് കടകംപള്ളിയില്‍ ഭൂമിതട്ടിപ്പിന് ഇരയായത്. ഭൂമിയ്ക്ക് കഴിഞ്ഞ വര്‍ഷം വരെ ഇവര്‍ കരമടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്തുകൊണ്ട് കരമെടുക്കുന്നില്ല എന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ല.

നാളെ കടകംപള്ളി വില്ലേജ് ഓഫീസില്‍ നടക്കുന്ന തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :