ഭൂമി കൈമാറ്റം: ധവളപത്രം ഇറക്കണം

Ramesh chennithala
KBJWD
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ ഭൂമിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഭൂ മാഫിയയ്ക്ക് കൂട്ട് നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി ഭാരവാ‍ഹികളുടെയും ഡി.സി.സി ഭാരവാഹികളുടെയും യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

ഭൂമി കച്ചവടത്തിന് സൌകര്യം ഒരുക്കിക്കൊടുത്ത മന്ത്രിമാരുടെ പേരില്‍ നടപടിയുണ്ടാവണം. ഇത്രയും വലിയൊരു ഭൂമി കച്ചവടം നടത്തിയതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് കുറ്റവാളികളെ സംരക്ഷിക്കുന്നതാണ്. ഭൂമി കൈമാറ്റത്തെക്കുറിച്ചുള്ള വസ്തുതകള്‍ പഠിച്ചുവരികയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

എറണാകുളം കേന്ദ്രമാക്കി നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി കച്ചവടം നടത്താനുള്ള അണിയറ നീ‍ക്കങ്ങള്‍ നടക്കുന്നതായി ആശങ്കയുണ്ട്. അതിനാലാണ് ഭൂമി കൈമാറ്റങ്ങളെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെടുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേണ്ടി സര്‍ക്കാര്‍ നിരവധി സ്ഥലങ്ങളില്‍ ഭൂമി നല്‍കിയിട്ടുണ്ട്. വ്യവസായ വികസനത്തിന് ആവശ്യമില്ലാത്ത ഇത്തരം ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കും കൈവശപ്പെടുത്താന്‍ സര്‍ക്കാര്‍ സൌകര്യം ഒരുക്കി നല്‍കുകയാണ് - ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം| M. RAJU| Last Modified വ്യാഴം, 24 ജനുവരി 2008 (14:30 IST)
പദ്ധതി നിര്‍വ്വഹണ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ധനമന്ത്രിയും ആസൂത്രണ ബോര്‍ഡും തമ്മിലുള്ള ശീതസമരം കാരണം വികസന പദ്ധതികള്‍ താളം തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :