മലയാളത്തിന്‍റെ മഹാനടന്‍ ഇനി തിരശീലയ്ക്ക് പിന്നില്‍ തന്‍റെ കഥാപാത്രങ്ങളിലൂടെ ജീവിക്കും. അന്തരിച്ച സിനിമാ-നാടക നടന്‍ മുരളിക്ക് സാംസ്കാരിക കേരളം ഔദ്യോഗികബഹുമതികളോടെ വിട നല്‍കി. തങ്ങളുടെ പ്രിയപ്പെട്ട നടനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് അരുവിക്കരയിലേക്ക് ഒഴുകിയെത്തിയത്.
മുരളിയുടെ സഹോദരന്മാരും, അവരുടെ മക്കളും ചേര്‍ന്നാണ് അന്തിമകര്‍മ്മങ്ങള്‍ നടത്തിയത്. മുരളിയുടെ സഹോദര പുത്രന്‍ ദീപു ചിതക്ക് തി കൊളുത്തി. അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക് ഷ്യം വഹിക്കാന്‍ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ പി രാജേന്ദ്രന്‍, എം എ ബേബി, സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ എന്നിവരെത്തിയിരുന്നു.
പൊതുജനങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി മുരളിയുടെ മൃതദേഹം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാണ് അരുവിക്കരയിലെത്തിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്‌ട്രീയ, സാമൂഹിക, സാംസ്ക്കാരിക, സിനിമാ രംഗത്തെ നിരവധി പ്രമുഖരെത്തിയിരുന്നു.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എം എ ബേബി, കെ പി രാജേന്ദ്രന്‍, കോടിയേരി ബാലകൃഷ്‌ണന്‍, നടന്‍ മമ്മൂട്ടി തുടങ്ങി പ്രമുഖരുടെ നീണ്ട നിര അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സെനറ്റ് ഹാളിലെത്തിയിരുന്നു.
മൃതദേഹം ആദ്യം മുരളിയുടെ ജന്മനാടായ കുടവട്ടൂരിലെ കുടുംബവീട്ടിലും തുടര്‍ന്നു മുരളി പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കുടവട്ടൂര്‍ എല്‍ പി സ്കൂളിലുല്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് അവിടെയും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.
വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു മലയാളസിനിമയിലെ ഭാവാഭിനയത്തിന്‍റെ നെയ്ത്തുകാരന്‍ അന്തരിച്ചത്. ബുധനാഴ്ച അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ കരളിനും വൃക്കകള്‍ക്കും തകരാറു കണ്ടു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ന്യുമോണിയയും ഹൃദയാഘാതവും സ്ഥിതി വഷളാക്കുകയായിരുന്നു.