ബ്രിട്ടാസ് സ്റ്റാറിലേക്കില്ല; പാര്‍ട്ടിക്ക് പുതിയ ചാനല്‍!

WEBDUNIA|
PRO
PRO
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം രാജിവച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് സ്റ്റാര്‍ ടിവി ഗ്രൂപ്പിലേക്ക് പോകില്ലെന്ന് ഉറപ്പായി. സ്റ്റാര്‍ ടിവിയില്‍ നിന്ന് ക്ഷണം വന്നെങ്കിലും തന്റെ ഇടതുപക്ഷ ചിന്താഗതിയുമായി ഒത്തുപോകില്ലെന്ന് കണ്ട് ബ്രിട്ടാസ് തന്നെ ഈ ‘ഓഫര്‍’ നിരാകരിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. എന്തായാലും ബ്രിട്ടാസിനെ കയ്യൊഴിയാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരുക്കമല്ല. ഇടതുപക്ഷ ചിന്താഗതി വച്ചുപുലര്‍ത്തുന്ന നിക്ഷേപകരും പാര്‍ട്ടിയും ചേര്‍ന്ന് ഒരു ദേശീയ ചാനലോ അന്തര്‍ദ്ദേശീയ ചാനലോ ആരംഭിക്കാനാണ് നീക്കം. ഈ ചാനലിന്റെ ചുമതല ബ്രിട്ടാസിനായിരിക്കും.

പ്രശസ്ത നടനും ഇടതുപക്ഷ അനുഭാവിയുമായ മമ്മൂട്ടിയാണ് ഈ ആശയത്തിന് പിന്നില്‍. ഇക്കാര്യം പിണറായി വിജയനുമായി ചര്‍ച്ചചെയ്ത് കഴിഞ്ഞതായും പിണറായി ഇക്കാര്യത്തിന് മൌനാനുവാദം നല്‍‌കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അന്തര്‍ദ്ദേശീയ തലത്തിലല്ല പകരം ദേശീയ തലത്തിലാണ് ചാനല്‍ ആരംഭിക്കേണ്ടത് എന്നാണ് ചിലരുടെയെങ്കിലും ആഗ്രഹം. കോണ്‍‌ഗ്രസും ബിജെപിയും മറ്റും ദേശീയ മാധ്യമങ്ങളില്‍ ചിലതിനെ കൂട്ടുപിടിക്കുമ്പോള്‍ പാര്‍ട്ടിക്കെന്തുകൊണ്ട് സ്വന്തം കാര്യം ദേശീയതലത്തില്‍ പറയാന്‍ ഒരു ചാനല്‍ ആയിക്കൂടാ എന്നാണ് ഇവരുടെ ചോദ്യം. വന്‍ മുതല്‍ മുടക്കിലാണ് ഈ ചാനല്‍ ആരംഭിക്കുക. അതുകൊണ്ടുതന്നെ ഈ ചാനല്‍ ഇംഗ്ലീഷിലായിരിക്കും എന്ന് അനുമാനിക്കപ്പെടുന്നു.

ബ്രിട്ടാസ് ചുമതല ഏറ്റതിന് ശേഷമായിരുന്നു കൈരളി ചാനല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. വാര്‍ത്താ ചാനലായ പീപ്പിള്‍, വീ എന്നിവയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. ക്വസ്റ്റ്യന്‍ ടൈം, ചാറ്റ്‌ ഷോ എന്നീ പരിപാടികളുടെ അവതാരകന്‍ കൂടിയാണ് ബ്രിട്ടാസ്. ബ്രിട്ടാസിന്റെ ഒഴിവിലേക്ക് ഡല്‍ഹിയില്‍ പ്രമുഖ പത്രപ്രവര്‍ത്തകനായ വെങ്കിടേഷ്‌ രാമകൃഷ്‌ണന്‍ വരുമെന്നാണ് പ്രാഥമിക സൂചനകള്‍. പാര്‍ട്ടിയിലും കൈരളി ചാനല്‍ ഉടമകളായ മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡിലും ഇതുസംബന്ധിച്ചു ധാരണയായെന്നാണു സൂചന. എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ എന്‍ പി ചന്ദ്രശേഖരനെ എഡിറ്ററാക്കുമെന്നും സൂചനയുണ്ട്‌. ജോണ്‍ ബ്രിട്ടാസ്‌ എംഡിയും എഡിറ്ററുമായിരുന്നു. ഇനി രണ്ടു തസ്‌തികയിലും പ്രത്യേകം നിയമനങ്ങള്‍ നടത്താനാണു തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :