ആലുവ|
WEBDUNIA|
Last Modified ഞായര്‍, 27 ഫെബ്രുവരി 2011 (10:33 IST)
PRO
ഹൈക്കോടതി അഭിഭാഷകന്റെ വീട്ടില്‍ ജോലിക്കുനിന്ന തമിഴ് ബാലിക കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ അഭിഭാഷകനേയും ഭാര്യയേയും പോലീസ് തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ രോഷാകുലരായ നാട്ടുകാര്‍ കൈകാര്യം ചെയ്തു. വളരെ ബുദ്ധിമുട്ടിയാണ് നാട്ടുകാരെ പൊലീസ് വിരട്ടിയോടിച്ചത്.
ശനിയാഴ്ച രാത്രിയോടെയാണ് ആലുവ അശോകപുരം അശോക ടെക്സ്റ്റെയില്‍സിനു സമീപം വാടകക്കു താമസിക്കുന്ന ആനന്ദത്താശ്രമിയില്‍ അഡ്വക്കേറ്റ് ജോസ് കുര്യന്‍ (40), ഭാര്യ സിന്ധു കെ നായരെയും (36) തെളിവെടുപ്പിന് കൊണ്ടുവന്നത്. നാട്ടുകാര്‍ പ്രകോപിതരാണ് എന്നറിഞ്ഞാണ് ഇവരെ പകല്‍ സമയത്ത് തെളിവെടുപ്പിന് കൊണ്ടുവരാതിരുന്നത്. സിഐ പ്രഫുല്ലചന്ദ്രനും സംഘവുമാണ് ഇവര്‍ക്കൊപ്പം എത്തിയിരുന്നത്. തെളിവെടുപ്പ് നടത്തുന്ന സമയത്തും ജോസിനും സിന്ധുവിനും ഒരു കൂസലും ഉണ്ടായിരുന്നില്ല.
തമിഴ് ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ദമ്പതികളെ തെളിവെടുപ്പിന് കൊണ്ടു വരുന്നതറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. തെളിവെടുപ്പിന് ശേഷം അഭിഭാഷകനായ ജോസിനേയും ഭാര്യ സിന്ധുവിനേയും പൊലീസ് വാഹനത്തിലേയ്ക്ക് കയറ്റുന്നതിനിടെയാണ് നാട്ടുകാര്‍ കയ്യേറ്റത്തിന് ശ്രമിച്ചത്. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ ഇവരുടെ വീടിനു നേരേ കല്ലേറും നടത്തി. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലകള്‍ തകര്‍ന്നിട്ടുണ്ട്.
ജോസ്, സിന്ധു, ഏജന്റ് നാഗപ്പന്‍ എന്നിവരെ ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി.എസ്. ജോസഫ് 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ധനലക്ഷ്മിയെ അഭിഭാഷകന്‍റെ വീട്ടില്‍ എത്തിച്ചുകൊടുത്ത ഗുരുവായൂര്‍ സ്വദേശിനി ഷൈല (32) യും അറസ്റ്റിലായി.
തമിഴ്‌നാട് ഗൂഡല്ലൂര്‍ അന്‍പുമണി നഗര്‍ അഞ്ജനയുടെ മകള്‍ ധനലക്ഷ്മിയാണ് (11) കഴിഞ്ഞ ദിവസം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തിലുടനീളം മാരകമായ മുറിവേറ്റിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അഡ്വ. ജോസ് കുര്യനും ഭാര്യയും അതിക്രൂരമായി പീഡിപ്പിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തത്. ഒരാഴ്ചയോളം കുട്ടിക്കു ഭക്ഷണം കൊടുത്തില്ല. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, പൊള്ളല്‍ എന്നിവയിലെ അണുബാധമൂലമുണ്ടായ ന്യുമോണിയ കാരണമാണ് കുട്ടി മരിച്ചത്.
അഭിഭാഷകന്‍റെ ഭാര്യ സിന്ധു കടുത്ത മദ്യപാനിയും പുകവലിക്കാരിയുമാണ്. ഇവരാണ് പലപ്പോഴും അതിക്രൂരമായി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. പലപ്പോഴും സിഗരറ്റ് കുറ്റികൊണ്ട് പൊള്ളലേല്‍പ്പിക്കുകയും തിളച്ചവെള്ളം ദേഹത്തൊഴിക്കുകയും ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ കാര്യത്തില്‍ വ്യക്തതയില്ല.
ഇതിനിടെ ദമ്പതികള്‍ക്കെതിരെ നാട്ടുകാര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. മദ്യവും മയക്കമരുന്നും ശീലമാക്കിയവരാണ് ജോസ് കുര്യനും ഭാര്യ സിന്ധുവും എന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യവും മയക്കമരുന്നും അടിച്ച് ബോധംകെട്ട സമയത്തൊക്കെ തമിഴ് ബാലികയെ ഇവര്‍ പീഡിപ്പിക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.