കൊച്ചി|
JOYS JOY|
Last Modified വെള്ളി, 24 ഏപ്രില്‍ 2015 (13:55 IST)
ബാര്‍കോഴ കേസില്‍ മന്ത്രിമാര്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണം വൈകുന്നുവെന്ന് ലോകായുക്ത. വിജിലന്‍സിനോടാണ് ലോകായുക്ത ഇക്കാര്യം ഉന്നയിച്ചത്. തെളിവുണ്ടെങ്കില്‍ മന്ത്രിമാര്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണം വൈകുന്നുവെന്ന് ചോദിച്ച ലോകായുക്ത മന്ത്രിമാര്‍ക്കെതിരെ എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജൂണ്‍ 22 നകം അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ അനുസരിക്കണമെന്നും ലോകായുക്ത വ്യക്തമാക്കിയിട്ടുണ്ട്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബിജുരമേശ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. ധനമന്ത്രി കെ എം മാണിയെ കൂടാതെ മന്ത്രിമാരായ കെ ബാബുവിനും വി എസ് ശിവകുമാറിനും എതിരെ ബിജുരമേശിന്റെ രഹസ്യമൊഴിയില്‍ ശക്തമായ ആരോപണമുണ്ട്.
അതേസമയം, ബാര്‍കോഴ കേസില്‍ ബിജു രമേശ് നല്കിയ രഹസ്യമൊഴി പരിശോധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നിയമോപദേശം തേടാനാണ് വിജിലന്‍സ് ഇപ്പോള്‍ ആലോചിക്കുന്നത്.