ബസ് പാര്‍ക്ക് ചെയ്തു, പിന്നീട് നോക്കിയപ്പോള്‍ കണ്ടില്ല!

എറണാകുളം| WEBDUNIA|
PRO
രാത്രിയില്‍ ബസ് പാര്‍ക്ക് ചെയ്തു. രാവിലെ നോക്കിയപ്പോല്‍ ബസ് കിടന്നിടത്ത് ടയര്‍ പോലുമില്ലായിരുന്നു. ആലുവയിലാണ് സംഭവം. ഫോര്‍ട്ടുകൊച്ചി റൂട്ടിലോടുന്ന ഇമ്മാനുവല്‍ എന്ന ബസാണ് കാണാതായത്. അന്വേഷണത്തിനൊടുവില്‍, പത്തുമണിക്കൂറുകള്‍ക്ക് ശേഷം ബസ് ഷൊര്‍ണൂരില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ദുരൂഹത തുടരുന്നു.

ആലുവ പമ്പ് ജംഗ്ഷനിലാണ് ഇമ്മാനുവല്‍ ബസ് രാത്രി പാര്‍ക്ക് ചെയ്തത്. രാവിലെ ജീവനക്കാരെത്തി നോക്കുമ്പോള്‍ ബസ് അവിടെയെങ്ങും ഇല്ലായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ ബസുടമയായ മുഹമ്മദാലിയെ വിവരമറിയിച്ചു. മുഹമ്മദാലി സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. പിന്നീട് ആലുവ പൊലീസില്‍ പരാതി നല്‍കി.

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ബസിന്‍റെ വിവരങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഷൊര്‍ണൂര്‍ റയില്‍‌വെ സ്റ്റേഷന്‍ ഭാഗത്ത് പാര്‍ക്ക് ചെയ്ത നിലയില്‍ ബസ്‌ കണ്ടെത്തുകയായിരുന്നു. ആലുവ പൊലീസ് സ്ഥലത്തെത്തി ബസ്‌ ആലുവയിലെത്തിച്ചു.

എന്നാല്‍ ബസ് കാണാതെ പോയതിനു പിന്നിലെ ദുരൂഹത നീങ്ങിയിട്ടില്ല. സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി ബസ് ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :