വി ടി ബല്‍റാം എം എല്‍ എക്കെതിരെ വീണ്ടും സ്പീക്കറുടെ റൂളിംഗ്. സഭാ നടപടികള്‍ സോഷ്യല്‍ ഫേസ്ബുക്കില്‍ കൊടുക്കുന്നത് സഭയുടെ അന്തസിന് നിരക്കാത്തതാണെന്ന് സ്പീക്കര്‍ പറഞ്ഞു. സഭയുടെ അന്തസും അംഗങ്ങളുടെ അവകാശങ്ങളും കാത്തു രക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഇത് രണ്ടാം തവണയാണ് സ്പീക്കര്‍ റൂളിംഗ് നല്‍കുന്നത്.
സഭാനടപടികള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ ഇട്ടതിനെതിരെ കഴിഞ്ഞ ദിവസം സ്പീക്കര്‍ ബല്‍റാമിന് റൂളിംഗ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ബല്‍റാം നിയമസഭയില്‍ മറുപടി പറഞ്ഞതിനാലാണ് സ്പീക്കര്‍ വീണ്ടും റൂളിംഗ് നല്‍കിയത്. ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ ഗുണഫലങ്ങള്‍ മനസ്സിലാക്കുന്ന വിധത്തില്‍ ചിന്താഗതി മാറണമെന്നാണ് ബല്‍റാം നിയമസഭയില്‍ പറഞ്ഞത്.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കുന്ന നഴ്സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഒരു അതോറിറ്റി രൂപീകരിക്കാനുള്ള ബില്ലാണ് ബല്‍റാം ഇന്റര്‍നെറ്റില്‍ ഇട്ടത്. നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്ലിന്റെ കരട് രൂപമായിരുന്നു ഫേസ്‌ബുക്കിലൂടെയും ഗൂഗിള്‍ ഗ്രൂപ്പിലൂടെയും പുറത്തുവിട്ടത്.