ബണ്ടി ചോര്‍ ബാംഗ്ലൂരില്‍ വലയിലായി!

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
തിരുവനന്തപുരത്ത് വന്‍ സുരക്ഷാ സംവിധാനമുള്ള വീട്ടില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ്(40) ബാംഗ്ലൂരില്‍ പിടിയിലായി. ബാംഗ്ലൂര്‍ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വിവരത്തെ തുടര്‍ന്ന് കേരളാ പൊലീസ് ബാംഗ്ലൂരിലേക്ക് തിരിച്ചു. ബാംഗ്ലൂരില്‍ ബണ്ടിയുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ട്. ഇയാളെ കേരളാ പൊലീസിന് കൈമാറുമോ എന്ന് വ്യക്തമായിട്ടില്ല.

തിരുവനന്തപുരത്തെ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച കാര്‍ തമിഴ്നാട് - കര്‍ണാടക അതിര്‍ത്തിയിലെ കൃഷ്ണഗിരിയില്‍ നിന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ബാംഗ്ലൂരില്‍ വച്ച് ബണ്ടി കുടുങ്ങിയത്. മോഷ്ടിച്ച മിത്സുബിഷി ഔട്ട്ലാന്‍ഡര്‍ കാര്‍ ഏതുവഴിയാണ് സഞ്ചരിക്കുന്നത് എന്നതിനെക്കുറിച്ച് അന്വേഷണസംഘത്തിന് ഇന്നലെ വിവരം ലഭിച്ചിരുന്നു. തന്നെ പിടികൂടുമെന്ന് മനസ്സിലാക്കിയ ബണ്ട് വാഹനം ഉപേക്ഷിച്ച് ടാറ്റാ സുമോയില്‍ ബാംഗ്ളൂരിലേക്കു കടക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഏറ്റുമുട്ടലിലൂടെയാണ് കീഴ്പ്പെടുത്തിയത്. ബാംഗ്ലൂരില്‍ 25 ഓളം കേസുകള്‍ ആണ് ബണ്ടിയ്ക്കെതിരെ നിലവിലുള്ളത്.

പട്ടം മരപ്പാലം - മുട്ടട റോഡില്‍ വിഷ്ണു ഭവനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണം നടന്നത്. വീട്ടുടമ വേണുഗോപാലന്‍നായരും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നു. വീടിന്റെ വശത്തുള്ള ഗ്ലാസ് ഊരിമാറ്റി അതുവഴി അകത്ത് കടന്ന മോഷ്ടാവ് വീട്ടിനുള്ളില്‍നിന്ന് ഒരു ലക്ഷം വില വരുന്ന സോണിയുടെ ലാപ്ടോപ്പും 40,000 രൂപ വില വരുന്ന ഒരു മൊബൈല്‍ ഫോണും, 15,000 രൂപ വില വരുന്ന മറ്റൊരു മൊബൈല്‍ ഫോണും, അര പവന്റെ മോതിരവും രണ്ടായിരം രൂപയും കവര്‍ന്നു. താക്കോല്‍കൂട്ടവുമായി പുറത്ത് കടന്ന മോഷ്ടാവ് റിമോട്ട് സിസ്റ്റം വഴി തുറക്കാവുന്ന ഗേറ്റ്, കീ ഉപയോഗിച്ച് തുറന്ന ശേഷം 30 ലക്ഷം രൂപ വില മിത്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ കാറുമായി കടക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :