തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 19 ഫെബ്രുവരി 2009 (11:09 IST)
തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമസഭാ സമ്മേളനം ആരംഭിച്ച് നാലു ദിവസമായപ്പോള്‍ ഇത് നാലാം തവണയാണ് പ്രതിപക്ഷം സഭ വിടുന്നത്.
പേരൂര്‍ക്കടയിലെ പൊലീസ് സ്റ്റേഷനില്‍ പ്രതികളെ മോചിപ്പിക്കാനായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പോലീസ്‌സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരം അക്രമസംഭവങ്ങള്‍ സാധാരണയായിട്ടുണ്ടെന്നും പൊലീസ് സേനയെ നിര്‍വീര്യമാക്കുന്നതിന് തുല്യമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
എന്നാല്‍, സംഭവത്തിലെ പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തുവെന്നും, അടുത്തകാലത്ത് ഇത്തരത്തിലുണ്ടായ 13 സംഭവങ്ങളില്‍ ഏഴിനും യു ഡി എഫ് പ്രവര്‍ത്തകരാണ് ഉത്തരവാദികളെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മറുപടി നല്‍കി.
ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശോകനാണ് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റത്. ഒരു അക്രമക്കേസിലെ പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് സി ഐയെ മര്‍ദ്ദിച്ചത്.