പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ധനവിനിയോഗ ബില്‍ ഭൂരിപക്ഷമില്ലാതെയാണ് പാസാക്കിയതെന്നാരോപിച്ച് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കി. സ്പീക്കര്‍ ഭരണഘടനാവിരുദ്ധമായി പെരുമാറി എന്നും പ്രതിപക്ഷത്തിന്റെ പരാതിയില്‍ പറയുന്നുണ്ട്. സഭയില്‍ ഇല്ലാത്ത അംഗത്തിന്റെ വോട്ടും ചെയ്തു എന്നും ആരോപണമുണ്ട്. ഭൂരിപക്ഷമില്ലാത്ത ധനവിനിയോഗ ബില്‍ അംഗീകരിക്കരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടു.

ധനവിനിയോഗ ബില്‍ വോട്ടിനിടാന്‍ ഒരുങ്ങുമ്പോള്‍ ഭരണപക്ഷത്ത് 62 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പ്രതിപക്ഷ നേതാവ് സി എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് മനസ്സിലാക്കിയ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ധനമന്ത്രി കെ എം മാണിയോട് വീണ്ടും സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാണി തന്ത്രപൂര്‍വ്വം പ്രസംഗം നീട്ടി. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഓരോ അംഗങ്ങളായി സഭയില്‍ എത്തുകയായിരുന്നു. കള്ളുഷാപ്പിലും ചായക്കടയിലുമുള്ള അംഗങ്ങളെ കാത്താണ് മാണി പ്രസംഗം നീട്ടിയതെന്നും വി എസ് പറഞ്ഞു. സഭാ നടപടികള്‍ നേരാംവണ്ണം കൊണ്ടുപോകാന്‍ തയ്യാറാവാത്ത സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭവിട്ടിറങ്ങിയതെന്നു വി എസ് വ്യക്തമാക്കി.

പരാതിയുടെ നിയമവശങ്ങള്‍ പരിശോധിക്കാം എന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി സി ദിവാകരന്‍ പറഞ്ഞു. ധനവിനിയോഗ ബില്‍ പാസ്സാക്കുമ്പോള്‍ ഭരണപക്ഷത്തിന്‌ 67ഉം പ്രതിപക്ഷത്തിന്‌ 68ഉം അംഗങ്ങള്‍ ആണ്‌ ഉണ്ടായിരുന്നത്‌. യു ഡി എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. ഉള്ള അംഗങ്ങളെ അണിനിരത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അതിന്റെ അസ്വസ്ഥതകളാണ് അവര്‍ സഭയില്‍ കാണിക്കുന്നതെന്നും ദിവാ‍കരന്‍ കുറ്റപ്പെടുത്തി.

പതിമൂന്നാം നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ അവസാനദിനം ജനാധിപത്യത്തിന്‌ അപമാനകരവും സഭാ ചരിത്രത്തിലെ കറുത്ത ദിനവും ആണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. സഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നെന്നും 68 അംഗങ്ങളാണ് സഭയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണരെ കാണാന്‍ പോയ പ്രതിപക്ഷം പരിഹാസ്യരാകുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :