aparna|
Last Modified ബുധന്‍, 9 ഓഗസ്റ്റ് 2017 (07:58 IST)
പൊലീസ് സ്റ്റേഷനില്‍ വെച്ച് എസ് ഐയുടെ തൊപ്പി ധരിച്ച് സെല്‍ഫി എടുത്ത മര്‍ദ്ദന കേസിലെ പ്രതിയോട് സര്‍ക്കാര്‍ അനുകൂല മനോഭാവമാണ് പുലര്‍ത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംഭവത്തില്‍ ബിജെപി നേതാക്കളെല്ലാം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പിണറായി ഭരണത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് സഖാക്കളാണ്. ഇതാണ് പിണറായി പൊലീസെന്ന് സംഭവത്തില്‍ പിടിയിലായ ആള്‍ വിളിച്ചു പറയുകയാണ് ചെയ്യുന്നതെന്നും കുമ്മനം ആരോപിക്കുന്നു. സെല്‍ ഭരണത്തില്‍ സര്‍ക്കാര്‍ താഴെ വീണ ചരിത്രവും കേരളത്തിനുണ്ടെന്ന് കുമ്മനം ഓര്‍മിപ്പിക്കുന്നു.
സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണനും തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് പോലീസിന്റെ തൊപ്പിവെച്ച് സെല്‍ഫി എടുത്തത് കഴിഞ്ഞ ദിവസമായിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവിനെ സിപിഎമ്മും ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന് ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അടക്കം മൂന്നു പൊലീസുകാര എസ്പിയും സസ്പെന്‍ഡ് ചെയ്തു. കുമരകത്ത് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മിഥുന്‍ കൂട്ടുകാർക്ക് അയച്ചു കൊടുത്ത ചിത്രം ബിജെപി ജില്ല നേതൃത്വമാണ് പുറത്ത് വിട്ടത്.