കാസര്‍കോഡ് ജില്ലയിലെ പെരിയ ബാങ്ക് കവര്‍ച്ചക്കേസില്‍ ഇന്ന് വിധി പറയും. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. കഴിഞ്ഞമാസം ഇരുപത്തിയെട്ടാം തീയതി കേസിലെ വിചാരണ പൂര്‍ത്തിയായിരുന്നു. വിചാരണയ്ക്കായി ഒരു വര്‍ഷത്തോളം എടുത്തിരുന്നു.
സംസ്ഥാനം കണ്ട ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്നായിരുന്നു പെരിയ ബാങ്കില്‍ നടന്നത്. 2009 ജൂണ്‍ പതിനേഴിന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെരിയ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ നിന്ന് 33 കിലോ സ്വര്‍ണവും ആറേമുക്കാല്‍ കോടി രൂപയുമായിരുന്നു സംഘം കവര്‍ച്ച ചെയ്തത്.
കേസില്‍ ആകെ 14 പ്രതികളാണ് ഉള്ളത്. എന്നാല്‍, പൊലീസിന് ഇതുവരെ എട്ടു പ്രതികളെ മാത്രമേ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. അറസ്റ്റിലായവരില്‍, എട്ടാം പ്രതിയായ തലശേരി സ്വദേശി ഹനീഫ മാത്രമാണ് മലയാളിയായുള്ളത്. ബാക്കിയെല്ലാവരും തമിഴ്നാട് സ്വദേശികളാണ്.
കേസിലെ ഒന്നും രണ്ടും പ്രതികളായ വേലായുധനെയും രമേശനെയും അറസ്റ്റു ചെയ്യാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. കേസിലെ മുഖ്യപ്രതി കൃഷ്ണമൂര്‍ത്തിയെ അന്വേഷണസംഘം രണ്ടു മാസത്തിനുള്ളില്‍ തന്നെ അറസ്റ്റു ചെയ്തിരുന്നു.