പരുക്കേറ്റു കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വെല്ലൂരിലേക്ക് കൊണ്ടുപോകാതെ തരമില്ലെന്ന് വെള്ളിയാഴ്ച മിംസില്‍ എത്തിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം. അപകടം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞെങ്കിലും ജഗതിക്ക് ബോധം പൂര്‍ണമായും തിരിച്ച് കിട്ടിയിട്ടില്ല എന്നതിനാലാണ് വെല്ലൂര്‍ക്ക് കൊണ്ടുപോകാന്‍ തീരുമാനം എടുത്തത്.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കൊളേജിലെ ന്യൂറോ റീഹാബിലിറ്റേഷന്‍ സെന്ററിലേക്കാണ് അദ്ദേഹത്തെ മാറ്റുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ജഗതിയെ അനുഗമിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് വെല്ലൂരിലേക്ക് കൊണ്ടുപോവുക. വിചാരിച്ചതിനേക്കാള്‍ അധികകാലം ജഗതി ആശുപത്രിക്കിടക്കയില്‍ കഴിയേണ്ടി വരും എന്നാണ് വെല്ലൂരില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പറയുന്നത്. ഇതോടെ, ജഗതി കോള്‍ ഷീറ്റ് നല്‍കിയിരിക്കുന്ന സിനിമകളുടെ ഷൂട്ടിംഗ് അവതാളത്തിലാകും.
വെന്റിലേറ്ററില്‍നിന്നും മാറ്റിയശേഷം ജഗതിയുടെ ശരീരം മരുന്നിനോടും ഭക്ഷണത്തോടും പ്രതികരിക്കുന്നുണ്ട്. കൈ നന്നായി ചലിപ്പിക്കാന്‍ കഴിയുന്നുണ്ട്. വിളിക്കുമ്പോള്‍ കണ്ണ് തുറക്കുന്നുമുണ്ട്. ചിലപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടെങ്കിലും ബോധം പൂര്‍ണമായി വീണ്ടുകിട്ടിയിട്ടില്ല.
മാര്‍ച്ച് പത്തിനാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്തു പാണമ്പ്രയില്‍ കാര്‍ ഡിഡൈറില്‍ ഇടിച്ച് ജഗതിക്കു ഗുരുതരമായി പരുക്കേറ്റത്. രണ്ടു ഘട്ടങ്ങളിലായി ഇദ്ദേഹത്തെ നാലു സര്‍ജറികള്‍ക്ക് വിധേയനാക്കിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയിലെ നാഡീ വ്യൂഹത്തിനേറ്റ പരുക്കേറ്റതിനാലാണു പുരോഗതി വൈകുന്നതെന്നാണു കരുതുന്നത്. ഇതിനിടെ, ജഗതിക്കൊപ്പം പരിക്കേറ്റ ഡ്രൈവര്‍ അനില്‍കുമാറിനെ ഒരാഴ്ച മുമ്പ് ഡിസ്ചാര്‍ജ് ചെയ്തു.