കോട്ടയം|
Last Updated:
വ്യാഴം, 19 മെയ് 2016 (18:14 IST)
പൂഞ്ഞാറിലെ ജനങ്ങള്‍ക്ക് അത്ഭുതമൊന്നുമില്ല. പി സി ജോര്‍ജ്ജ് ജയിക്കുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. പി സി പരാജയപ്പെടുമെന്ന് എതിരാളികള്‍ പോലും സ്വപ്നം കണ്ടിരുന്നില്ലെന്ന് വ്യക്തം. കാരണം, അത്രയധികമാണ് പി സി ജോര്‍ജ്ജിനുള്ള ജനപിന്തുണ.
ഈ തെരഞ്ഞെടുപ്പിലെ അത്ഭുതക്കുട്ടി പി സി ജോര്‍ജ്ജ് തന്നെയാണ്. കാരണം പി സി എല്ലാവരോടും എതിരിട്ടാണ് വിജയിച്ചത്. ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമായിരുന്നില്ല. എന്നാല്‍, പി സി തെരഞ്ഞെടുപ്പുവേളയില്‍ സ്വയം പ്രഖ്യാപിച്ചത്, താനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എന്നാണ്.
ഇടതുമുന്നണിയോടും യു ഡി എഫിനോടും എന്‍ ഡി എയോടും എതിരിട്ട് കാല്‍ ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പി സി ജോര്‍ജ്ജ് വിജയിച്ചിരിക്കുന്നത്. ഇത് ചരിത്രം സൃഷ്ടിക്കുന്ന വിജയമെന്ന് എതിരാളികളും സമ്മതിച്ചുതരും.
പി സി ഇനി ആര്‍ക്കൊപ്പം നില്‍ക്കും എന്നതിലാണ് സംശയം. പി സി ജോര്‍ജ്ജ് ജയിച്ചാലും എല്‍ ഡി എഫിനൊപ്പം വേണ്ട എന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയും മാണിയുമുള്ള യു ഡി എഫിനൊപ്പവും പി സി ജോര്‍ജ്ജ് ഉണ്ടാകില്ലെന്നുറപ്പാണ്. താന്‍ ഏറെ ബഹുമാനിക്കുന്ന ഒ രാജഗോപാലിനൊപ്പം നിയമസഭയില്‍ ഒരു കസേരയിട്ടിരിക്കാനാവും പി സി ജോര്‍ജ്ജും ആഗ്രഹിക്കുക.