സംസ്ഥാനത്ത് ഗണ്യമായ തോതില്‍ ഉയരുന്ന പച്ചക്കറി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ഈ മാസം 10 മുതല്‍ രണ്ടാഴ്ചത്തേക്ക് സംസ്ഥാനത്ത് 200 പച്ചക്കറി സ്റ്റാളുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതായി ഭക്‍ഷ്യ വകുപ്പ് മന്ത്രി സി ദിവാകരന്‍ പറഞ്ഞു.
ഭക്‍ഷ്യ വകുപ്പ്, കൃഷി വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഭക്‍ഷ്യ മന്ത്രിയും കൃഷി മന്ത്രിയും നടത്തിയ ചര്‍ച്ചയക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദിവാകരന്‍.
സംസ്ഥാനത്തെ അമിതമായ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ചെയ്യാവുന്നതെല്ലാം ചെയ്യും. പച്ചക്കറിക്ക് വിലകൂടാന്‍ കാരണം മഴ കാരണം തമിഴ്‌നാട്ടില്‍ ഉണ്ടായ കൃഷി നാശമാണെന്ന വ്യാപാരികളുടെ പരാതി അന്വേഷിക്കാന്‍ കൃഷി, ധനകാര്യ, സിവില്‍ സപ്ലൈസ്-സഹകരണ വകുപ്പ് സെക്രട്ടറിമാരുടെ പ്രത്യേക സംഘത്തെ നിയമിക്കാന്‍ യോഗം തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
ഇതിനായി നിയമിച്ച കമ്മറ്റി ചൊവ്വാഴ്ച കൂടി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം സ്ഥിതിഗതികള്‍ മനസിലാക്കാനായി ഉടന്‍ തമിഴ്‌നാട്ടിലേക്ക് പോകും.
വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം സെക്രട്ടറിമാരുടെ കമ്മിറ്റി നിശ്ചയിക്കുന്ന വിലയില്‍ സംസ്ഥാനത്തെ ഹോര്‍ട്ടികോര്‍പ് സിവില്‍ സപ്ലൈസ് വില്‍പ്പന ശാലകള്‍ വഴി പച്ചക്കറി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതിനൊപ്പം സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിക്കും എന്നും മന്ത്രി ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.