പിണറായിയെ പിന്തുണച്ചത് മണ്ടത്തരം: അബ്‌ദുള്ളക്കുട്ടി

ന്യൂഡല്‍ഹി| WEBDUNIA|
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പ്രതിയായ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പിന്തുണയ്ക്കാനുള്ള ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ തീരുമാനം സി പി എമ്മിന്‍റെ ചരിത്രപരമായ രണ്ടാമത്തെ മണ്ടത്തരമാണെന്ന് എ പി അബ്‌ദുള്ളക്കുട്ടി എം പി അഭിപ്രായപ്പെട്ടു.

ബിസിനസ് സ്‌റ്റാന്‍ഡേര്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് അബ്‌ദുള്ളക്കുട്ടി ഇങ്ങനെ പറഞ്ഞത്. എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ഉയര്‍ന്നു വന്നയുടനെ തന്നെ പര്‍ട്ടി അതു പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. വിവാദം ഉയര്‍ന്നയുടനെ പി ബി യോഗം വിളിച്ച് ചര്‍ച്ച ചെയ്യാതിരുന്നത് വിഡ്‌ഢിത്തമായെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ ഇപ്പോള്‍ വിഭാഗീയത എന്ന കാന്‍സര്‍ ബാധിച്ചിരിക്കുകയാണ്. ലാവ്‌ലിന്‍ കേസില്‍ പൊളിറ്റ് ബ്യൂറോയില്‍ അഭിപ്രാ‍യ ഭിന്നതയുണ്ട്. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് കരുതുന്നവരും അഴിമതി നടന്നിട്ടുണ്ടെന്ന് കരുതുന്നവരും പി ബിയിലുണ്ട്.

പാര്‍ട്ടിയില്‍ ഇപ്പോഴും ഗ്രൂപ്പിസം ശക്തമാണ്. നൃപന്‍ ചക്രവര്‍ത്തിയും, സോമനാഥ്‌ ചാറ്റര്‍ജിയും, ഗൗരിയമ്മയും എല്ലാം ഗ്രൂപ്പിസത്തിന്‍റെ ഇരകളാണ്‌. പാര്‍ട്ടിയില്‍ സോമനാഥിന്‍റെ തിരിച്ചുവരവിന്‌ തടസം ഒരു ഉന്നത നേതാവിന്‍റെ അസൂയയാണ്.

മതവിശ്വാസത്തെക്കുറിച്ചുള്ള പര്‍ട്ടി നിലപാട് മാറ്റണം. താന്‍ ദൈവഭയമുള്ള കമ്മ്യൂണിസ്‌റ്റുകാരനാണെന്നും, അതു കൊണ്ട് തന്നെ തന്‍റെ ഭാവി ദൈവം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :