പിണറായിയുടെ സേവ പിടിക്കാന്‍ രാജേന്ദ്രന്റെ ശ്രമം: വി എസ്

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 29 ജനുവരി 2013 (13:16 IST)
PRO
PRO
തന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായ എസ് രാജേന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. രാജേന്ദ്രന്‍ പിണറായി വിജയന്റെ സേവ പിടിക്കാന്‍ ശ്രമിച്ചെന്ന് വി എസ്. ലാവ്‌ലിന്‍ കേസില്‍ വിജയനെ തെറ്റിദ്ധരിപ്പിക്കാനാണ് രാജേന്ദ്രന്‍ ശ്രമിച്ചത്. വിജയന്‍ ഉള്‍പ്പെട്ട കേസില്‍ തന്നെ ഉള്‍പ്പെടുത്താനാണ് രാജേന്ദ്രന്‍ ശ്രമിക്കുന്നതെന്നും വിഎസ് പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കെ ചീഫ് ജസ്റ്റീസുമാരുള്‍പ്പടെയുള്ളവര്‍ തന്നെ കാണാന്‍ വന്നിട്ടുണ്ട്. അതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ ഇവരൊക്കെ തന്നെ കാണാന്‍ വന്നത് ലാവ്‌ലിന്‍ കേസ് സംബന്ധിച്ച് സംസാരിക്കാനാണെന്ന് പുറത്ത് നിന്ന് ഊഹിക്കുകയാണ് രാജേന്ദ്രന്‍ ചെയ്യുന്നതെന്നും വി എസ് പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് തനിക്കെതിരെ പി കരുണാകരന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഏത്ര വലിയ നേതൃത്വമായാലും അത്തരമൊരു അന്വേഷണം നടക്കുമ്പോള്‍ തന്നോട് വിശദീകരണം ചോദിക്കേണ്ടതല്ലേയെന്നും വി എസ് ചോദിച്ചു.

വിവാദ വ്യവസായി നന്ദകുമാറുമായി എനിക്കൊരു ബന്ധവുമില്ല. ലാവലിന്‍ കേസ് ക്രൈം നന്ദകുമാറാണ് കൊടുത്തത്. ക്രൈം നന്ദകുമാറിനെ വ്യവസായി നന്ദകുമാറായി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. ഇതൊക്കെ രാജേന്ദ്രന്‍റെ പ്രവര്‍ത്തികളാണ്.

കിളിരൂര്‍,​ കവിയൂ‌ര്‍ കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങിയതോടെയാണ് ബന്ധുക്കള്‍ തന്നെ വന്നുകണ്ടത്. അവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടീലിനെ കണ്ടത്. അല്ലാതെ അദ്ദേഹവുമായി ലാവ്‌ലിന്‍ കേസ് സംസാരിക്കാനായിരുന്നില്ല കൂടിക്കാഴ്ച്ചായെന്നും വി എസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :