പിണറായിക്ക് അങ്ങനെ പറയാനാകില്ല: വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
സമരം ഒരു പ്രാദേശിക പ്രതിഷേധം മാത്രമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഒരിക്കലും പറയാനാകില്ലെന്നും അദ്ദേഹം അങ്ങനെ പറയില്ലെന്നും പ്രതിപക്ഷനേതവ് വി എസ് അച്യുതാനന്ദന്‍. പിണറായി വിജയനും യു എസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതായി വിക്കിലീക്സ് രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു വി എസ്.

അമേരിക്കന്‍ എം‌ബസി ഉദ്യോഗസ്ഥര്‍ തന്നെ വന്നു കണ്ടിരുന്നു എന്ന് വി എസ് സ്ഥിരീകരിച്ചു. ‘ഇറഖില്‍ നിങ്ങള്‍ എടുത്ത നിലപാട് ശരിയായില്ല എന്ന് ഞാന്‍ അവരോട് പറഞ്ഞു. ആ നിലപാട് എല്ലായിടത്തും നടക്കില്ലെന്നും പറഞ്ഞു. അമേരിക്കയെ വിമര്‍ശിച്ച് സംസാരിച്ചപ്പോള്‍ അവര്‍ ഇറങ്ങിപ്പോയി’ - വി എസ് വിശദീകരിച്ചു.

വിക്കിലീക്സ് രേഖകള്‍ ശരിയാണെന്ന് കരുതുന്നില്ല. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രത്തെ ന്യയീകരിക്കാനാണ് ചിലര്‍ ഇപ്പോള്‍ വിക്കിലീക്സ് രേഖകളുമായി രംഗത്തെത്തിയിരിക്കുന്നത് - വി എസ് ആരോപിച്ചു.

വിദേശ മൂലധന നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് അമേരിക്കന്‍ എം‌ബസി ഉദ്യോഗസ്ഥര്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായും കൂടിക്കാഴ്ച നടത്തിയതായുള്ള വിക്കിലീക്സ് രേഖകള്‍ പുറത്തുവന്നിരുന്നു. 2008 ഓഗസ്റ്റ് 29നായിരുന്നു കൂടിക്കാഴ്ചയെന്നും സംഘത്തോട് വി എസ് വിദേശ നിക്ഷേപം അഭ്യര്‍ത്ഥിച്ചു എന്നും രേഖകളില്‍ പറയുന്നു.

2008 ഓഗസ്റ്റ് 29നും 30നും നടന്ന ചില യോഗങ്ങളുടെ വിശദാംശങ്ങളാണ് ഏറ്റവും പുതിയതായി പുറത്തുവന്ന രേഖകളില്‍ ഉള്ളത്. അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിലെ ഒരു ഉദ്യോഗസ്ഥനാണ് വി എസുമായി കൂടിക്കാഴ്ച നടത്തിയത്. ഐ ടി, ബയോ ടെക്നോളജി, ടൂറിസം എന്നീ മേഖലകളില്‍ വി എസ് വിദേശനിക്ഷേപം ആവശ്യപ്പെട്ടു എന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്.

അതേസമയം, അമേരിക്കന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തിയ വിവരം സി പി എം കേന്ദ്രക്കമ്മിറ്റി അംഗം തോമസ് ഐസക് സ്ഥിരീകരിച്ചു.

എല്ലാ വിദേശനിക്ഷേപത്തെയും സി പി എം എതിര്‍ക്കുന്നില്ലെന്നും കേരളത്തിന്‍റെ വികസനത്തിന് സഹായകമാകുന്ന വിദേശനിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നതിന്‍റെ ഭാഗമായാണ് യു എസ് സംഘത്തെ കണ്ടതെന്നും തോമസ് ഐസക് വെളിപ്പെടുത്തി. സി പി എമ്മിന്‍റെ പുതുക്കിയ പാര്‍ട്ടി പരിപാടിയില്‍ വിദേശനിക്ഷേപം സ്വീകരിക്കുന്നതിനെപ്പറ്റി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നും ഐസക് ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :