പിടിവാശിയില്ല: ഒടുവില്‍ ഗൌരിയമ്മയും അയയുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
കേരളം കണ്ട കരുത്തുറ്റ വനിത ഒടുവില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മ ഒടുവില്‍ കോണ്‍ഗ്രസ് പറഞ്ഞ നാലു സീറ്റില്‍ തൃപ്തയാണെന്ന് അറിയിച്ചു. പക്ഷേ, സീറ്റുകളുടെ കാര്യത്തില്‍ വ്യക്തത വേണമെന്നും ഗൌരിയമ്മ വ്യക്തമാക്കി. ഇന്നു രാവിലെ ചേര്‍ന്ന ജെ എസ് എസ് സെന്റര്‍ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

കോണ്‍ഗ്രസ് നല്കാമെന്ന് പറഞ്ഞ തൃശൂര്‍ ജില്ലയിലെ കയ്‌പമംഗലം സീറ്റിനു പകരം തിരുവനന്തപുരമോ കൊടുങ്ങല്ലൂരോ വേണമെന്നാണ് ജെ എസ് എസ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പിടിവാശിയില്‍ അയവു വരുത്തിയതിന്റെ പശ്ചാത്തലത്തില്‍ വൈകുന്നേരം അഞ്ചുമണിക്ക് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായി ജെ എസ് എസ് നേതൃത്വം ചര്‍ച്ച നടത്തും.

ഏതായാലും രാഷ്‌ട്രീയകേരളത്തെ ഞെട്ടിച്ച് വീണ്ടും ഇടതുപാളയത്തിലേക്ക് പോകാന്‍ ഗൌരിയമ്മ തയ്യാറല്ല എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്ന നാല് സീറ്റില്‍ തൃപ്തരായി യു ഡി എഫില്‍ തന്നെ ജെ എസ് എസ് ഉണ്ടാകുമെന്നാണ് ഗൌരിയമ്മയുടെ ഇന്നത്തെ വാര്‍ത്താസമ്മേളനം വ്യക്തമാക്കുന്നത്.

ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ജെ എസ് എസ് പാര്‍ട്ടി സെന്റര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ഔപചാരിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. കോണ്‍ഗ്രസുമായുള്ള സീറ്റുതര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ആയിരുന്നു നിര്‍ണായകമായ ജെ എസ് എസ്‌ പാര്‍ട്ടി സെന്‍റര്‍ യോഗം ഇന്നു രാവിലെ ചേര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :