പി ഡി പി വര്‍ഗീയ പാര്‍ട്ടിയല്ല: തോമസ് ഐസക്ക്

തിരുവനന്തപുരം| WEBDUNIA|
പി ഡി പി വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും എതിരെ പരസ്യ നിലപാടെടുക്കുന്ന ആരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനിയില്‍ ഇടതുമുന്നണിയുടെ കണ്‍വെന്‍ഷനില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോടൊപ്പം പി ഡി പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനി വേദി പങ്കിട്ടിരുന്നു. ഇതിനേതുടര്‍ന്ന് കേരളത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സി പി എമ്മിനെതിരെ രംഗത്തു വന്നു. പി ഡി പി വര്‍ഗീയ പാര്‍ട്ടിയാണെന്ന് സി പി ഐയും വ്യക്തമാക്കി. ഇതിനു മറുപടിയായിട്ടാണ് തോമസ് ഐസക്കിന്‍റെ പ്രസ്താവന.

പി ഡി പിയുമായുളള ബന്ധത്തില്‍ എല്‍ ഡി എഫിലെ ഒരു ഘടക കക്ഷിയ്ക്കും എതിര്‍പ്പില്ലെന്ന്‌ സി പി എം നേതാവ്‌ ഇ പി ജയരാജനും പറഞ്ഞിരുന്നു. പി ഡി പി മതേതരപാര്‍ട്ടിയാണെന്നാണ് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഇടതുമുന്നണിക്കുള്ളില്‍ പി ഡി പി ബാന്ധവത്തോട് കടുത്ത എതിര്‍പ്പ് പുകയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സി പി ഐ, ആര്‍ എസ് പി തുടങ്ങിയ പാര്‍ട്ടികള്‍ അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ബി ജെ പിയും സി പി എമ്മിന്‍റെ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. എന്നാല്‍ പി ഡി പി വര്‍ഗീയപാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും വയലാര്‍ രവിയും പറയുമ്പോള്‍ അതേപ്പറ്റി വ്യക്തമായ അഭിപ്രായം പറയാന്‍ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല തയ്യാറാകുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :