പാല്‍പ്പായസം:ജീവനക്കാരെ സ്ഥലം മാറ്റി

ആലപ്പുഴ | WEBDUNIA| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2007 (10:05 IST)
അമ്പലപ്പുഴ പാല്‍പ്പായസം വിറ്റതിന് അമ്പലപ്പുഴ ത്രിവേണി മെഗാമാര്‍ക്കറ്റിലെ രണ്ട് ജീവനക്കാരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. 15 ദിവസങ്ങളിലായി 41 ലിറ്റര്‍ പാല്‍പ്പായസമാണ് മെഗാമാര്‍ക്കറ്റിലെത്തിയത്.

ഈ സംഭവം ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്ന് കണ്‍സ്യൂമര്‍ ഫെഡ് എം.ഡി. ഡോ. റെജി ജി. നായര്‍ ആലപ്പുഴയില്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാല്‍‌പായസം ത്രിവേണി മെഗാമാര്‍ക്കറ്റ് വഴി വില്‍പ്പന നടത്തിയത് വിവാദമായിരുന്നു.

അമ്പലപ്പുഴയിലെ കച്ചേരിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി മെഗാമാര്‍ക്കറ്റ് വഴിയായിരുന്നു അമ്പലപ്പുഴ പാല്‍പ്പായസം വിറ്റത്. ഒര്‍ ഗ്ലാസ് പാല്‍പ്പായസം ആറു രൂപയ്ക്കാണ് ത്രിവേണി വഴി വിറ്റത്. ഒരു സര്‍ക്കാര്‍ സ്ഥാപനം തന്നെ ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പായസ വില്‍പ്പന നടത്തിയത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ക്ഷേത്രോപദേശക സമിതിയുടെ നിലപാട്.

പേരും നാളും എഴുതി മുന്‍‌കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ നിന്നും പാല്‍പ്പായസം നല്‍കുന്നത്. വിശേഷമായ കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാല്‍പ്പായസം ഒരു ദിവസവും നിഴ്ചിത അളവില്‍ക്കൂടുതല്‍ ഉണ്ടാക്കാറില്ല. അതുകൊണ്ടു തന്നെ ക്ഷേത്രത്തില്‍ എത്തുന്ന പലരും പാല്‍പ്പായസം കിട്ടാതെ മടങ്ങുന്നുണ്ട്.

അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപത്തെ ചില കടകളില്‍ കരിഞ്ചന്തയില്‍ ഇപ്പോഴും പാല്‍പ്പായസം വില്‍പ്പന നടക്കുന്നതായി ആക്ഷേപം ഉണ്ട്. തിരുവനന്തപുരത്തെ ഒരു ഭക്‍ഷ്യമേളയില്‍ അമ്പല‌പ്പുഴ പാല്‍പ്പായസം വിറ്റതിനെതിരെ ക്ഷേത്രോപദേശക സമിതി നല്‍കിയ കേസ് കോടതിയുടെ പരിഗണനയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :