Palakkad By Election 2024: പാലക്കാട് ഉപതിരഞ്ഞെടുപ്പ്; രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും

പാലക്കാട് ഡിസിസിയും ഗ്രൂപ്പ് വ്യത്യാസമില്ലാതെ സംസ്ഥാന നേതാക്കളും രാഹുലിനെ പിന്തുണച്ചതായാണ് വിവരം

പാലക്കാട് ഉപതിരഞ്ഞെടുപ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥി
രേണുക വേണു| Last Modified ബുധന്‍, 19 ജൂണ്‍ 2024 (10:46 IST)
പാലക്കാട് ഉപതിരഞ്ഞെടുപ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥി

2024: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഷാഫിക്ക് പകരം യുവനേതാക്കളില്‍ ഒരാള്‍ തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് കെപിസിസി തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

പാലക്കാട് ഡിസിസിയും ഗ്രൂപ്പ് വ്യത്യാസമില്ലാതെ സംസ്ഥാന നേതാക്കളും രാഹുലിനെ പിന്തുണച്ചതായാണ് വിവരം. മറ്റ് പേരുകളൊന്നും പാലക്കാടുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ മുന്നിലില്ല. തുടക്കത്തില്‍ വി.ടി.ബല്‍റാമിനെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവയ്ക്കുകയായിരുന്നു. ബല്‍റാം തൃത്താല കേന്ദ്രീകരിച്ച് തന്നെ പ്രവര്‍ത്തിക്കണമെന്നാണ് കെപിസിസി നിലപാട്.

കെ.രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും. രമ്യ ഹരിദാസിനെയാണ് ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നു മത്സരിച്ച സി.സി.ശ്രീകുമാറിന്റെ പേരും യുഡിഎഫ് പരിഗണനയിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :