പാമോലിന്‍: തുടരന്വേഷണത്തിന് ഉത്തരവ്, ചാ‍ണ്ടി അന്വേഷണനിഴലില്‍

തിരുവനന്തപുരം| WEBDUNIA|
PRO
പാമോലിന്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദ്ദേശം നല്കി. പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവ് നല്കിയിരുന്നത്.

ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാമെന്നായിരുന്നു വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, ഉമ്മന്‍ ചാണ്ടിക്കെതിരെ കോടതി പരാമര്‍ശം നടത്തിയില്ല. എന്നാല്‍, പാമോലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത് ഔപചാരിക നടപടിക്രമമാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

മൂന്നുമാസത്തെ സമയമാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പലതവണ എഴുതി തള്ളാന്‍ ശ്രമിച്ച കേസാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തന്നെ വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ മരണത്തോടെ സുപ്രീംകോടതിയില്‍ നിലനിന്ന സ്റ്റേ നീങ്ങിയതോടെയാണ്‌ പാമോലിന്‍ കേസിന്റെ രണ്ടാംഘട്ടം തുടങ്ങിയത്‌. ആദ്യം മുതല്‍ കേസ്‌ പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ രണ്ടാം പ്രതി ടി എച്ച്‌ മുസ്‌തഫ കേസില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിടുതല്‍ ഹര്‍ജി നല്കിയിരുന്നു.

ഇതാണ് ഈ കേസിനെ തുടരന്വേഷണത്തിന്റെ വഴിയിലേക്ക് കൊണ്ടുവന്നത്. പാമോലിന്‍ കേസില്‍ താന്‍ പ്രതിയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും പ്രതിയാണെന്നും ഉമ്മന്‍ ചാണ്ടി പ്രതിയല്ലെങ്കില്‍ താനും പ്രതിയല്ല എന്നുമായിരുന്നു മുസ്തഫയുടെ ഹര്‍ജിയുടെ ചുരുക്കരൂപം. ഇത് ഇടതുപക്ഷം ആയുധമാക്കിയതോടെയാണ് കേസ് തുടരന്വേഷണം വരെ എത്തിനില്‍ക്കുന്നത്.

തൊട്ടടുത്ത്‌ കേസ്‌ പരിഗണനക്ക്‌ എടുത്തപ്പോള്‍ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യത പരിശോധിക്കാന്‍ തുടരന്വേഷണം ആവശ്യമാണെന്ന്‌ കാണിച്ച്‌ പ്രോസിക്യുഷന്റെ അപേക്ഷ വിജിലന്‍സ്‌ കോടതിയിലെത്തി. തുടര്‍ന്ന്, ഈ മാസം അഞ്ചാം തീയതി വിശദമായ വിജിലന്‍സ്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. പാമോലിന്‍ ഇറക്കുമതി ഇടപാടിന്റെ മുഴുവന്‍ വസ്‌തുതകളും ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക്‌ അറിയാമെന്നായിരുന്നു അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ ഉളളടക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :