പരേഡ് നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട്

കണ്ണൂര്‍| WEBDUNIA|
സ്വാതന്ത്ര്യ ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന പരേഡും, മാര്‍ച്ചുമായി മുന്നോട്ടു പോകുമെന്ന് പോപ്പുലര്‍ ഫ്രണ്ടും ഡി വൈ എഫ് ഐയും. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്താനിരുന്ന ഫ്രീഡം പരേഡിനും, നടത്താനിരുന്ന മാര്‍ച്ചിനും കണ്ണൂര്‍ ഐജി ടോമിന്‍ തച്ചങ്കരി അനുമതി നിഷേധിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് മാര്‍ച്ച് നടത്തുമെന്ന് ഇരു സംഘടനകളും അറിയിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഫ്രീഡം പരേഡുമായി മുന്നോട്ടു പോകുമെന്ന്‌ പോപ്പുലര്‍ ഫ്രണ്ട്‌ കണ്ണൂര്‍ ജില്ലാ ഘടകവും, പ്രതിരോധ പരിപാടിയുമായി മുന്നോട്ടു പോകുമെന്ന്‌ ഡി വൈ എഫ്‌ ഐ ജില്ലാ സെക്രട്ടറി പി സത്യപാലനുമാണ് അറിയിച്ചത്‌.

മാര്‍ച്ചും, ഫ്രീഡം പരേഡും നടത്തുന്നത് നിരോധിച്ചെങ്കിലും ഇരു സംഘടനകള്‍ക്കും അന്നേദിവസം സമ്മേളനങ്ങള്‍ നടത്താവുന്നതാണെന്നും ഐ ജി അറിയിച്ചിരുന്നു‌. കണ്ണൂര്‍ പോലുളള സ്ഥലത്ത്‌ അമ്പതിനായിരത്തോളം പേര്‍ അണിനിരക്കുന്ന റാലി അക്രമത്തിനു കാരണമാകാന്‍ വന്‍ സാധ്യതയാണുള്ളത് എന്നതു കൊണ്ടാണ് നിരോധനമെന്നും ഐജി വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :