മലബാര്‍ ക്യാന്‍സര്‍ സെന്‍ററിന് എസ് എന്‍ സി ലാവ്‌ലിന്‍ നല്‍കാമെന്ന് പറഞ്ഞ പണം കേരളത്തിലെത്തിയതിനു രേഖകളില്ലെന്ന് മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു. മലബാര്‍ ക്യാന്‍സര്‍ സെന്‍ററിന് 25.3 കോടി രൂപ നല്‍കാമെന്നായിരുന്നു ലാവ്‌ലിന്‍ പറഞ്ഞിരുന്നത്.
രണ്ടായിരം നവംബര്‍ 30നായിരുന്നു പണം നല്‍കാമെന്ന് എസ് എന്‍ സി ലാവ്‌ലിന്‍റെ വൈസ് പ്രസിഡന്‍റ് പറഞ്ഞിരുന്നത്. ഇത് അറിയിച്ചു കൊണ്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
തുടര്‍ന്ന് തലശ്ശേരി എസ് ബി ഐ ബാങ്കില്‍ അക്കൌണ്ട് തുറന്നു. പക്ഷേ, അതില്‍ പണം ലഭിച്ചിരുന്നില്ലെന്നും കടവൂര്‍ കൊല്ലത്ത് പറഞ്ഞു.
മുന്‍ വൈദ്യുത മന്ത്രി കൂടിയായ കടവൂര്‍ ശിവദാസന്‍ ലാവ്‌ലിന്‍ ധാരണാപത്രം പുതുക്കാതിരുന്നത് രഹസ്യ അജണ്ടയോടെയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നവകേരളയാത്രക്കിടെ കൊല്ലത്തു വെച്ച് പറഞ്ഞിരുന്നു.
ധാരണാപത്രം പുതുക്കാതിരുന്നതിന്‍റെ പിന്നിലുള്ള കാരണം കടവൂര്‍ ശിവദാസന്‍ വെളിപ്പെടുത്തണമെന്നും, ഇതു മൂലം സംസ്ഥാനത്തിനു നഷ്‌ടപ്പെട്ടത് ഒരു ക്യാന്‍സര്‍ സെന്‍ററാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.