പാലക്കാട് ചെര്‍പ്പുളശേരിക്കടുത്ത് കുലുക്കല്ലൂര്‍ ഇടുതറയില്‍ പടക്കം പൊട്ടിത്തെറിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. കുലുക്കല്ലൂര്‍ പുറമത്ര പാഴൂര്‍പടി കുമാരന്‍റെ മകന്‍ അരുണ്‍പ്രസാദ്(14) ആണ് മരിച്ചത്.
സംഭവത്തില്‍ കുമാരന്‍റെ സഹോദരന്‍ പാഴൂര്‍പടി മുരുകന്‍റെ മകന്‍ വിപിന്‍ദാസ്(14), കുമാരന്‍റെ സഹോദരി ഓമനയുടെ മകന്‍ അനൂപ്(14) എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിപിന്‍ദാസ് തൃശൂര്‍ മെഡിക്കല്‍ കോളജിലും, അനൂപ് പട്ടാമ്പി സേവന ആശുപത്രിയിലും ചികിത്സയിലാണ്. വിപിന്‍ദാസിന്‍റെ കൈപ്പടത്തിനു സാരമായ പരിക്കുണ്ട്.
ഞയറാഴ്ച ഉച്ച തിരിഞ്ഞ് കുലുക്കല്ലൂരിലെ ഇവരുടെ തറവാട്ടുവീട്ടിലാണ് അപകടം നടന്നത്. മുളയങ്കാവ് ഭഗവതിക്ഷേത്രത്തിലെ അഞ്ചാം വേലയോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടില്‍ പൊട്ടാതെ കിടന്നിരുന്ന പടക്കത്തിന്‍റെ അവശിഷ്ടങ്ങള്‍ പെറുക്കി പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അരുണ്‍പ്രസാദിന്‍റെ മൃതദേഹം ഇന്ന് പട്ടാമ്പി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.