നെഹ്‌റു കോളേജിനെ പിന്തുണച്ച് പൊലീസ് എഫ് ഐ ആർ; ‘ജിഷ്ണുവിന്റെ ആത്മഹത്യ കോപ്പിയടി പിടിച്ചതിലുളള മനോവിഷമത്താല്‍’, അതൃപ്തിയുമായി ബന്ധുക്കള്‍

പൊലീസ് മാനേജ്മെന്റിന് അനുകൂലമായി എഫ് ഐ ആർ എഴുതി; ആത്മഹത്യ ചെയ്തത് ജിഷ്ണുവിന്റെ കുറ്റം?

aparna shaji| Last Modified വെള്ളി, 13 ജനുവരി 2017 (12:56 IST)
പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് പരീക്ഷയിൽ കോപ്പിയടിച്ചതിന് അധ്യാപകൻ പിടിച്ചതിലുളള മനോവിഷമത്താല്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസിന്റെ എഫ്‌ ഐ ആര്‍. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മാനെജ്‌മെന്റ് ഉന്നയിച്ച വാദങ്ങളെ പിന്തുണക്കുന്നതാണ് പൊലീസിന്റെ എഫ്‌ ഐ ആറെന്നും ആക്ഷേപമുണ്ട്.

അതേസമയം പൊലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ജിഷ്ണുവിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ രക്ഷിക്കുന്ന തരത്തിലാണ് എഫ്‌ ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ കെ കെ ശ്രീജിത്ത് ആരോപിച്ചു. അവരുടെ മൊഴിയാണ് പൊലീസ് വിശ്വാസത്തിലെടുത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജിഷ്ണുവിനു നേരെ കോളെജിലുണ്ടായ ശാരീരിക മാനസിക പീഡനങ്ങളെകുറിച്ചോ ശരീരത്തിലും മൂക്കിന് മുകളിലുണ്ടായിരുന്ന മുറിപ്പാടിനെക്കുറിച്ചോ എഫ്‌ ഐ ആറില്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല. ആത്മഹത്യ ചെയ്തത് ജിഷ്ണുവിന്റെ കുറ്റം കൊണ്ടാണെന്ന രീതിയിലാണ് എഫ് ഐ ആർ എന്ന് വിദ്യാർത്ഥികളും ആരോപിക്കുന്നു.

ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുളള പൊലീസ് എഫ്ഐആര്‍.(കടപ്പാട്-റിപ്പോര്‍ട്ടര്‍ ടിവി)

കുറ്റവാളികളെ ഒരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണനും കെ കെ ശൈലജയും വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യ വിവാദങ്ങളുണ്ടാക്കി അന്വേഷണം ആരും തടസപ്പെടുത്തരുതെന്നും ഒരു സ്വാശ്രയ കോളെജിന് മുന്നിലും സര്‍ക്കാര്‍ കീഴടങ്ങില്ലെന്നും ഇരുവരും പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 10 ലക്ഷം രൂപയുടെ ധനസഹായവും ഇന്ന് കൈമാറിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :