നാലിടത്തെ പരാജയം പഠിക്കാന്‍ കമ്മിറ്റി

തിരുവനന്തപുരം| WEBDUNIA|
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടാന്‍ ഇടയായ കാരണങ്ങള്‍ കണ്ടെത്താന്‍ ആറംഗ സമിതിയെ കെ പി സി സി നിയോഗിച്ചു. എം എം ഹസന്‍റെ നേതൃത്വത്തില്‍ ജി കാര്‍ത്തികേയന്‍, പി ജെ കുര്യന്‍, തെന്നല ബാലകൃഷ്ണപിള്ള, എം എം ജേക്കബ്, സി വി പത്മരാജന്‍ എന്നിവരാണ്‌ സമിതി അംഗങ്ങള്‍.

തെരഞ്ഞെടുപ്പു ഫലം തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേര്‍ന്ന കെ പി സി സി നിര്‍വാഹക സമിതി യോഗത്തിലാണ്‌ തീരുമാനം. ആലത്തൂര്‍, ആറ്റിങ്ങല്‍, പാലക്കാട്‌, കാസര്‍കോട്‌ എന്നീ മണ്ഡലങ്ങളിലാണ്‌ കോണ്‍ഗ്രസിന്‌ തോല്‍വിയുണ്ടായത്‌.

അതേസമയം, വിജയിച്ച മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞതിനെക്കുറിച്ചും ആറംഗസമിതി അന്വേഷണം നടത്തും. കോഴിക്കോടും, പാലക്കാടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്പിക്കാന്‍ ഡി സി സി പ്രസിഡന്‍റുമാര്‍ ശ്രമിച്ചിരുന്നെന്ന് അണികള്‍ക്കിടയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാ‍നാര്‍ത്ഥി വിജയിച്ചിരുന്നെങ്കിലും തുച്‌ഛമായ വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. ഇതു സംബന്ധിച്ച അന്വേഷണങ്ങളും ആറംഗസമിതി നടത്തും.

എന്നാല്‍, കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന്‌ തിരുവനന്തപുരത്തിരുന്ന്‌ ഉന്നത പാര്‍ട്ടി നേതാവ്‌ പ്രവര്‍ത്തിച്ചതായി ആര്യാടന്‍ മുഹമ്മദ്‌ നിര്‍വാഹക സമിതിയില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ അക്കാര്യവും അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കെ പി സി സി സമിതി യോഗം വിളിക്കുന്നതിന് കാലതാമസം വരുന്നതിനെതിരെ വി എം സുധീരന്‍ പരാതി ഉന്നയിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകളുമായി സംസ്ഥാനത്ത്‌ യു ഡി എഫ്‌ മികച്ച വിജയം നേടിയ സാഹചര്യത്തില്‍ ജനങ്ങളോടുളള ഉത്തരവാദിത്തം വര്‍ധിച്ചിരിക്കുന്നതായും ഹര്‍ത്താല്‍ പോലുളള സമരപരിപാടികള്‍ ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ യോഗത്തില്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ വിശദമായ ചര്‍ച്ച അടുത്ത യോഗത്തില്‍ നടത്താന്‍ തീരുമാനിച്ചു. അല്പസമയത്തിനകം വാര്‍ത്താസമ്മേളനത്തില്‍ കെ പി സി സി അധ്യക്ഷന്‍ യോഗതീരുമാനങ്ങള്‍ വിശദീകരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :